ചേർത്തല: സ്രവ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചയാൾ ആരോഗ്യവകുപ്പ് അധികൃതരെ വെട്ടിച്ച് മുങ്ങി. ഇതേത്തുടർന്ന് ഇയാൾ സഞ്ചരിച്ച കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കി.
ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വയലാർ കൊല്ലപ്പള്ളി സ്വദേശി നാലുദിവസം മുൻപാണ് നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഇന്നലെ രാവിലെ ആരോഗ്യവകുപ്പ് അധികൃതരാണ് ആംബുലൻസിൽ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചത്.
സ്രവം എടുത്തശേഷം ഇയാൾ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി ബസിൽ പുതിയകാവിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലെത്തുകയായിരുന്നു.
ഒപ്പമെത്തിയയാൾ ഏറെനേരം ആശുപത്രിയിൽ കാത്തിരുന്നെങ്കിലും കൊല്ലപ്പള്ളി സ്വദേശിയെ കാണാതായതോടെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഇയാൾ സഞ്ചരിച്ച ബസിലെ കണ്ടക്ടറെ നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പ് കെഎസ്ആർടിസി അധികൃതർക്ക് നിർദേശം നൽകിയത്.
ഓട്ടോറിക്ഷ ഡ്രൈവറേയും ബസിൽ ഒപ്പം യാത്ര ചെയ്തവരേയും കണ്ടെത്താൻ ശ്രമം തുടങ്ങിയതായി അധികൃതർ പറഞ്ഞു. ഇയാൾക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനു ചേർത്തല പോലീസ് കേസെടുത്തു.