ആലപ്പുഴ: തീരദേശത്ത് ഇപ്പോൾ അലയടിക്കുന്നത് സന്തോഷത്തിരകളാണ്. കാരണം തീരദേശത്തിന്റെ സ്വന്തം ഡോക്ടർ സിവിൽ സർവീസിൽ മിന്നും വിജയം നേടിയിരിക്കുന്നു. 329-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം. ആലപ്പുഴയ്ക്കും തീരദേശത്തിനും അഭിമാനമായി മാറിയ ഡോ. നിർമൽ ഒൗസേപ്പച്ചന്റെ വാക്കുകൾക്കു കടലിന്റെ കരുത്തുണ്ട്.
എവിടെയാണോ ആയിരിക്കുന്നത് അവിടെ നന്മ പരത്താൻ പറ്റിയ രീതിയിൽ പ്രവർത്തിക്കാനാണ് ഈ യുവപ്രതിഭയുടെ ആഗ്രഹം. ഡോക്ടർക്കു സിവിൽ സർവീസ് എന്ന ആഗ്രഹം ഉണ്ടായത് എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ്. പിതാവ് ആലപ്പുഴ ക്രൈസ്റ്റ് കോളജ് ഡയറക്ടർ ഒൗസേപ്പച്ചനും അമ്മ ഹോമിയോ ഡോക്ടർ വിനീതയും പിന്തുണയും പ്രേരണയുമായി കൂടെനിന്നു.
നിർമൽ പഠിച്ച തുന്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാജൻ ജോസഫ്, പിതാവിന്റെ അടുത്ത സുഹൃത്തും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടികാട് എന്നിവരും നിർമലിന്റെ സിവിൽ സർവീസിലേക്കുള്ള വഴിവിളക്കുകളായിരുന്നു. പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ തുന്പോളി സെന്റ് തോമസ് പള്ളിക്കു പടിഞ്ഞാറുവശം തീരത്തോടു ചേർന്നാണ് നിർമലിന്റെ ക്രൈസ്റ്റ് ഭവൻ എന്ന പേരുള്ള വീട്.
വിശാലമായ പുരയിടത്തിനു നടുവിലുള്ള വീടിനോടു ചേർന്നു തന്നെയാണ് പിതാവ് ഒൗസേപ്പച്ചൻ ഡയറക്ടറായ മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ ക്രൈസ്റ്റ് കോളജ് പ്രവർത്തിക്കുന്നത്. പഠനാന്തരീക്ഷത്തിൽ വളർന്നുവന്ന നിർമൽ 2008ൽ എംബിബിഎസിനു ചേർന്നു. 2015ൽ ഡോക്ടറായി. അതിനു ശേഷമാണ് പഴയ ആഗ്രഹം പൊടി തട്ടിയെടുത്ത് 2015ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ഒരു തവണ ഇന്റർവ്യൂ വരെ എത്തിയെങ്കിലും കടന്പ കടക്കാനായില്ല. ഇത്തവണ പക്ഷേ വിജയവുമായിട്ടേ പിന്മാറിയുള്ളൂ.
അനുജത്തി നിവേദ്യ കർണാടകയിൽ എംബിബിഎസ് വിദ്യാർഥിനിയാണ്. രണ്ടു പതിറ്റാണ്ടു മുന്പ് തുന്പോളിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നു മെഡിക്കൽ എൻട്രൻസ് പാസായി അന്നത്തെ സാഹചര്യങ്ങളിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോന്നയാളാണ് നിർമലിന്റെ പിതാവ് ഒൗസേപ്പച്ചൻ. ഒടുവിൽ തീരദേശത്തെ കുട്ടികളെ പ്രഫഷണൽ കോഴ്സുകളിൽ കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യവുമായി ക്രൈസ്റ്റ് കോളജ് എന്ന സ്ഥാപനം തുടങ്ങുകയായിരുന്നു. ക്രൈസ്റ്റ് കോളജിൽ ഇന്നു കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്.
ജോണ്സണ് നൊറോണ