മങ്കൊന്പ്: കടലിൽ വിരിച്ച വലയിൽനിന്നുള്ള മീനുമായി വണ്ടിപിടിച്ചു മത്സ്യത്തൊഴിലാളികൾ കടപ്പുറത്തുനിന്നും കുട്ടനാട്ടിലെത്തിയപ്പോൾ നാട്ടുകാർക്കും മനംനിറഞ്ഞു.
പ്രാദേശിക കച്ചവടക്കാരിൽനിന്നും അമിതവിലയ്ക്കു ദിവസങ്ങൾ പഴക്കമുള്ള മീൻ വാങ്ങി ശീലിച്ച കുട്ടനാട്ടുകാർക്കിത് കൗതുകവും സന്തോഷവും പകരുന്നതായി.
കുട്ടനാട്ടിലെ ആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിലാണ് മീനുകളടങ്ങുന്ന വലയുമായി മത്സ്യത്തൊഴിലാളികളെത്തിയത്.
വിലയിൽ കാര്യമായ വ്യത്യാസമില്ലെങ്കിലും പച്ചമീൻ കിട്ടുമെന്നതിനാൽ ആവശ്യക്കാർ ഏറെയായിരുന്നു. മത്തി കിലോഗ്രാമിനു 220 രൂപ പ്രകാരം വില്പന നടന്നപ്പോൾ, ചെമ്മീനു 250 ഉം, മണങ്ങിനു 100 രൂപയുമായിരുന്നു വില.
എന്നാൽ നാട്ടിൽ മത്തിക്കു 260 രൂപ വരെയാണ് കച്ചവടക്കാർ വാങ്ങുന്നത്. പലപ്പോഴും പഴകിയ മത്സ്യങ്ങളാണ് വില്പനയ്ക്കെത്തുന്നതെന്നും പരാതിയുണ്ട്.
ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ കടൽ മീനിനു വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്.
മത്തി, ചൂര, അയല, കൊഴുവ തുടങ്ങിയ മീനുകളാണ് കുട്ടനാട്ടിൽ അധികവും വില്പനയ്ക്കെത്തുന്നത്.
അതേസമയം ഇക്കുറി കാലവർഷവും, കിഴക്കൻ വെള്ളത്തിന്റെ വരവും കുറഞ്ഞതോടെ കുട്ടനാട്ടിൽ കായൽ മീനിന്റെ ലഭ്യതയും കുറഞ്ഞു.
സാധാരണയായി മഴക്കാലത്തു കുട്ടനാട്ടിൽ കായൽമീനുകളുടെ ലഭ്യത വളരെ കൂടുതലാണ്. കാരി, കൂരി, വാള, ആരകൻ, തൂളി തുടങ്ങിയ മത്സ്യങ്ങളാണ് സാധാരണയായി കിട്ടിയിരുന്നത്.
കുറവെങ്കിലും കിട്ടുന്ന മീനിൽ നല്ലൊരു ഭാഗം സമീപ നഗരപ്രദേശങ്ങളിലേക്കു കയറിപ്പോകുന്നതും കുട്ടനാട്ടിൽ കായൽ മീനിന്റെ ലഭ്യത കുറയ്ക്കുന്നു.
എന്നാൽ ക്ഷാമത്തിനിടയിലും കായൽ ചെമ്മീനുകൾ ഇപ്പോൾ കുട്ടനാട്ടിൽ സുലഭമാണ്. മുന്തിയ ഇനമായ ചെമ്മീനിന് എന്നാൽ ഇപ്പോൾ കാര്യമായ വിലയില്ല. 320 രൂപയ്ക്കു വരെ ചില്ലറ വില്പന നടന്നിരുന്ന ചെമ്മീനിനു 240 മുതൽ 260 രൂപ വരെയാണ് ഇപ്പോൾ വില.
മത്സ്യത്തൊഴിലാളികളിൽനിന്നും 180 മുതൽ 200 രൂപ വരെ വിലയ്ക്കു വാങ്ങുന്ന ചെമ്മീൻ ഇടനിലക്കാരാണ് വില്പനയ്ക്കെത്തിക്കുന്നത്. കാലവർഷക്കാലത്തു സുലഭമായി കാണുന്ന കാരി പോലെയുള്ള മീനുകളുടെ ലഭ്യത ഇപ്പോൾ വളരെ കുറവാണ്.