ചേർത്തല: ചേർത്തല കനാൽക്കരയിലെ സ്റ്റാൻഡിലെ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായ ജോർജിന് ബാഗുനിറയെ പണം കിട്ടിയിട്ടും മനസ് കുലുങ്ങിയില്ല.
സാന്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും പണം തിരികെ ഉടമസ്ഥന് കൊടുത്തപ്പോഴാണ് ജോർജിന് സമാധാനമായത്.
സത്യസന്ധതയുടെ മറ്റൊരു പേരായി മാറുകയാണ് ചാലിപ്പള്ളി ഇടവകയിലെ കരീക്കളം വീട്ടിൽ ജോർജ് തോമസ്.
ഇന്നലെ രാവിലെ 11 ഓടെ മുട്ടം ബാങ്കിൽനിന്നു നടന്ന് കനാൽക്കരയിലേക്കു പോകുകയായിരുന്ന ജോർജിന് ബിവറേജസ് കോർപറേഷനു സമീപം റോഡ്സൈഡിൽനിന്ന് ഒരു ബാഗ് ലഭിച്ചു. തുറന്നു നോക്കിയപ്പോൾ നിറയെ നോട്ടുകെട്ടുകൾ.
ആദ്യം പരിഭ്രാന്തിയിലായെങ്കിലും അപ്പോൾ അവിടെയുണ്ടായിരുന്ന ആളുമായി നേരെ ചേർത്തല പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയായിരുന്നു.
പോലീസ് ബാഗ് പരിശോധിച്ചപ്പോൾ അതിൽ 4,18,200 രൂപ ഉണ്ടായിരുന്നു. പിന്നീടുള്ള പോലീസിന്റെ അന്വേഷണ ത്തിൽ പണം ചേർത്തല ലക്ഷ്മീനാരായണ ട്രേഡേഴ്സ് ഉടമടേതാണെന്നു കണ്ടെത്തി.
ബാങ്കിലടയ്ക്കാൻ കൊണ്ടുപോകുന്പോൾ ബാഗ് നഷ്ടപ്പെടുകയായിരുന്നു.
പണം തിരികെ ലഭിച്ചതറിഞ്ഞ് ഉടമ സ്റ്റേഷനിലെത്തി. ചേർത്തല പോലീസ് അടക്കം ജോർജിനെ അഭിനന്ദിച്ചു. ജോർജിന്റെ ഭാര്യ ബിജി ജോർജ്. മക്കളായ തോമസുകുട്ടിയും ജോമോൻ ജോർജും വിദ്യാർഥികളാണ്.