അന്പലപ്പുഴ: തകഴി ബിവറേജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റ്് തീപിടിച്ച് നശിച്ചിട്ട് ഒന്നരവർഷം. അപകടകാരണം കണ്ടെത്താനാകാതെ അധികൃതർ.
ഷോർട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ വൈദ്യുതി ബോർഡ് ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയിൽ ഷോർട്ട് സർക്യൂട്ടല്ലെന്നായിരുന്നു സൂചന.
രാസപരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ അപകടകാരണം വ്യക്തമാകുകയുള്ളു. ഇത് ഒന്നര വർഷം പിന്നിട്ടിട്ടും ലഭിച്ചില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.
2019 മേയ് 24നാണ് തേക്കിൻ തടിയിൽ അറകളോടെ നിർമിച്ച ഓടുമേഞ്ഞ കോർപറേഷന്റെ വാടക കെട്ടിത്തിനു തീപിടിച്ചത്. പാർലമെന്റ് ഫലപ്രഖ്യാപനം നടക്കുന്നതിനാൽ ഒൗട്ട്ലെറ്റിന് അവധിയായിരുന്നു.
രാത്രി എട്ടരയോടെ കെട്ടിടത്തിനു തീ പിടിക്കുന്പോൾ രണ്ടുസുരക്ഷാ ജീവനക്കാരുണ്ടായിരുന്നു. എന്നാൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൗട്ട്ലെറ്റ് മാനേജർ വിവരമറിയുന്നത് രണ്ടു മണിക്കൂറിനുശേഷമാണ്.
ബിവറേജസിന്റെ തകഴി പടഹാരം ഒൗട്ട്ലെറ്റിൽ അഴിമതി ആരോപണങ്ങളുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുമെന്ന ആശങ്ക ജീവനക്കാർക്കിടയിൽ നിലനിൽക്കുന്പോഴാണ് ഗോഡൗണും മദ്യക്കുപ്പികളും കത്തിനശിക്കുന്നത്.
കെട്ടിടത്തിനുമാത്രം 48 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്പോൾ മദ്യത്തിന്റെ നഷ്ടം കണക്കാക്കാൻ അധികൃതർക്കായിട്ടുമില്ല. ഇതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കത്തിയമർന്ന വീടിന്റെ ബാക്കി ഭാഗങ്ങൾ പൊളിച്ച് നീക്കണമെന്നാണ് എൽഡിഎഫ് ഭരിക്കുന്ന തകഴി പഞ്ചായത്ത് അധികൃതർ കെട്ടിട ഉടമയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
നഷ്ടപരിഹാരം നാളിതുവരെ ലഭിക്കാത്തതിനാൽ കെട്ടിടത്തിന്റെ അവശേഷിച്ച ഭാഗങ്ങൾ പൊളിച്ച് നീക്കാൻ കെട്ടിട ഉടമയ്ക്കുമാകുന്നില്ല.
കോർപറേഷന്റെ പൊടിയാടി യൂണിറ്റിന്റെ കീഴിലാണ് തകഴി പടഹാരത്തെ ഒൗട്ട്ലെറ്റ് പ്രവർത്തിച്ചിരുന്നത്.