കൂളിംഗ് ഗ്ലാസ് വച്ച് റിലാക്‌സേഷനുണ്ട് എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവര്‍ക്കറിയാമോ അവര്‍ സഹിച്ചിട്ടുള്ള ത്യാഗങ്ങളെപ്പറ്റി! ഷീല കണ്ണന്താനത്തിനെതിരായ ട്രോളുകളെക്കുറിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ഭാര്യ ഷീല കണ്ണന്താനത്തിനെതിരായ സോഷ്യല്‍മീഡിയകളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്‌സേഷനുണ്ട് എന്നൊക്കെ പറയുന്ന പിള്ളേര്‍ക്ക് സമൂഹത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളെയാണ് കളിയാക്കുന്നതെന്ന് അറിയാമോ എന്നായിരുന്നു കണ്ണന്താനത്തിന്റെ ചോദ്യം. പരിഹാസം നല്ലതാണ്. എന്നാല്‍ മറ്റുള്ളവരെ കളിയാക്കാന്‍ നമുക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് കൂടി ആലോചിക്കണമെന്നും ഈ കളിയാക്കുന്നവരില്‍ സമൂഹത്തിന് വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്ര പേരുണ്ടെന്ന് കണ്ണന്താനം ചോദിച്ചതായും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ അവര്‍ നേരിട്ടിട്ടുണ്ട്.

ഈസ്റ്റ് ഡല്‍ഹി കേന്ദ്രീകരിച്ച് താന്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് അവിടുത്തെ എം.എല്‍.എയുടെ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് വീടുകള്‍ കമ്മീഷണറായിരിക്കെ നീക്കം ചെയ്തിരുന്നു. ആ പകയില്‍ എം.എല്‍.എയുടെ അനുയായികള്‍, വടിയും വടിവാളുമായി ആക്രമിച്ചു. രക്തത്തില്‍ കുളിച്ചു കിടന്ന ഷീലയെ മരിച്ചുവെന്ന് കരുതിയാണ് അവര്‍ ഉപേക്ഷിച്ചു പോയത്. ഷീലയുടെ തലയില്‍ അന്ന് 32 തുന്നലുണ്ടായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. പത്തും പന്ത്രണ്ടും വയസുള്ള മക്കളും അന്ന് ആക്രമിക്കപ്പെട്ടിരുന്നു. ഷീല ഡല്‍ഹിയില്‍ ഒരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. ജനശക്തി എന്നാണ് ആ സംഘടനയുടെ പേര്.

ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരു വര്‍ഷം അവധി എടുത്ത് താനും ആ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് ഡല്‍ഹിയില്‍ പ്ലേഗ് പടര്‍ന്നു പിടിക്കുന്നത്. ഞങ്ങള്‍ ജനശക്തിയുടെ പ്രവര്‍ത്തകര്‍ പ്ലേഗിനെതിരെ പ്രചരണം സംഘടിപ്പിച്ചു. തെരുവുകള്‍ വൃത്തിയാക്കി എലികള്‍ പെരുകാനുള്ള സാഹചര്യം തടഞ്ഞു. ഇതൊന്നും ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല. സമൂഹത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു. അത്ര തന്നെ-കണ്ണന്താനം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് ഷീല കണ്ണന്താനം ഓഫ് ദ റെക്കോര്‍ഡ് ആയി നല്‍കിയ പ്രസ്താവന അവര്‍ പുറത്ത് വിട്ടതോടെയാണ് ഷീല കണ്ണന്താനത്തിനെതിരെ ട്രോളുകള്‍ വരാന്‍ തുടങ്ങിയത്. കോമഡി പരിപാടികളിലും മറ്റും വലിയ കയ്യടി വാങ്ങുന്ന ഡയലോഗായി ഷീലയുടെ പ്രസ്താവനകള്‍ മാറിയിരുന്നു.

 

Related posts