ദുരിതാശ്വാസ കേന്ദ്രത്തില്‍ ഉറങ്ങാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട തന്നെ ട്രോളുന്നവര്‍ക്ക് ഉപദേശരൂപേണയുള്ള മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്.
‘ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ താഴത്ത് വച്ച് ഒരു വിധവയെ എങ്കിലും സഹായിച്ചാല്‍, അവരുടെ ആത്മാവിന് നല്ലതായിരിക്കും’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 21ാം തിയ്യതിയാണ് ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്ത പങ്കുവച്ചത്. ക്യാംപില്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കു വച്ചിരുന്നു.
ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ നാണക്കേടിലായ കണ്ണന്താനം പിന്നീട് അതിന് വിശദീകരണവും നല്‍കിയിരുന്നു. താന്‍ അല്ല സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതെന്നും തന്റെ പേഴ്സണല്‍ സ്റ്റാഫാണ് മണ്ടത്തരം കാണിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.