ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോള്‍ പെരുമഴ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം വാര്‍ത്ത പങ്കുവെച്ചത്. ക്യാംപില്‍ കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപില്‍ ഈ രാത്രി ഉറങ്ങാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹമിട്ട പോസ്റ്റിനാണ് പരിഹാസ പെരുമഴ നനയേണ്ടി വന്നിരിക്കുന്നത്. സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലിതെന്നും പലരും രിഹസിക്കുന്നുണ്ട്.
നേരത്തെ കേരളത്തിന് ഇനി ആവശ്യം ഭക്ഷണമല്ലെന്നും, ഇലക്ട്രീഷ്യന്‍മാരേയും പ്ലംബര്‍മാരേയും ആണെന്ന് പറഞ്ഞും കണ്ണന്താനം വിവാദത്തിലായിരുന്നു. കേന്ദ്രം ആവശ്യത്തിന് സഹായം നല്‍കി എന്നും കണ്ണന്താനം പറഞ്ഞിരുന്നു.
എന്നാല്‍ ട്രോള്‍ പെരുകിയതോടെ വിശദീകരണവുമായി കണ്ണന്താനം രംഗത്തെത്തുകയും ചെയ്തു. രാത്രി ക്യാമ്പിലാണ് കഴിഞ്ഞതെന്നും ആ അവസരത്തില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് താന്‍ ഉറങ്ങുന്ന ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തതെന്നുമായിരുന്നു കണ്ണന്താനം നല്‍കിയ വിശദീകരണം.