ചെങ്കോട്ടയുടെ സംരക്ഷണം സ്വകാര്യ കമ്പനിക്ക് കൈമാറിയതിന് പിന്നാലെ കൂടുതല്‍ ചരിത്രസ്മാരകങ്ങള്‍ പരിപാലനത്തിനായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചെങ്കാട്ടയുടെ പരിപാലനം ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയതിനെതിരെ കടുത്ത വിമര്‍ശനമുയരുമ്പോഴാണ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്. വിവാദത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും പൈതൃകം ദത്തെടുക്കല്‍ പദ്ധതിയിലാണ് ചരിത്രസ്മാരകങ്ങള്‍ കൈമാറുന്നതെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു.
ഹുമയൂണിന്റെ ശവകുടീരം ഉള്‍പ്പെടെ അഞ്ചു സ്മാരകങ്ങള്‍ പരിപാലനത്തിനായി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. അതൊരു നല്ല പരീക്ഷണമായിരുന്നു. എന്നാല്‍, ഇതില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്.
വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. അഞ്ചുവര്‍ഷത്തേക്ക് ചെങ്കോട്ട പരിപാലിക്കാന്‍ സിമന്റ് നിര്‍മാണ കമ്പനിയായ ഡാല്‍മിയ ഗ്രൂപ്പുമായി 25 കോടിയുടെ കരാറിനാണ് കേന്ദ്രസര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കി മാതൃക പൈതൃകസ്മാരകങ്ങളാക്കുന്നതിനുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയാണിതെന്നാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ വിശദീകരണം.