വിമാനത്താവളം വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമാണോ! പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് പറഞ്ഞത് എനിക്ക് ചെയ്യാനല്ല; മണ്ഡലം മാറി വോട്ട് ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി അല്‍ഫോന്‍സ് കണ്ണന്താനം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമല്ലല്ലോ എന്നായിരുന്നു കണ്ണന്താനത്തിന്റെ വിശദീകരണം.

ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണന്താനം അവിടെനിന്ന് കെ.എസ്.ആര്‍.ടിസി ബസ്സിലാണ് എറണാകുളത്തേക്ക് പോയത്. വഴിയില്‍ വോട്ട് ചോദിച്ചിറങ്ങിയത് പക്ഷേ ചാലക്കുടി മണ്ഡലത്തിലായിപ്പോയി. അബദ്ധം പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവര്‍ത്തകരറിയിച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച് കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി. സംഭവം വാര്‍ത്തയായതോടെ ട്രോളുകളും സോഷ്യല്‍മീഡിയയില്‍ സജീവമായി.

ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ കണ്ണന്താനത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ‘വിമാനത്താവളം വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമാണോ. കൊച്ചി വിമാനത്താവളം ഇരിക്കുന്നത് വേറെ മണ്ഡലത്തിലാണ്. കണ്ടവരോടൊക്കെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. നിങ്ങള്‍ വോട്ട് ചെയ്യണം,ജയിപ്പിക്കണം എന്നാണ് പറഞ്ഞത്. എനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞില്ല.’ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

Related posts