കൊച്ചി: രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ചയുടെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളോടു ചേർന്ന് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ആഭ്യന്തര ടൂറിസത്തിന്റെ 60 ശതമാനം വരുമാനവും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽ ചേർന്ന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കണ്ണന്താനം.
ടൂറിസം മേഖലയുടെ പ്രധാന വരുമാനം ആഭ്യന്തര ടൂറിസത്തിലൂടെയാണെങ്കിലും സംസ്ഥാനത്തെ ടൂറിസം വികസന പ്രവർത്തനങ്ങൾക്കു വേഗതയില്ല. ഈ സ്ഥിതി മാറണം. പദ്ധതികൾ വേഗത്തിൽ പൂർത്തീകരിച്ചാൽ കൂടുതൽ പദ്ധതികൾ സംസ്ഥാനത്തിനു ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര പദ്ധതികളായ സ്വദേശ് ദർശൻ, പ്രസാദ് എന്നിവയ്ക്കു കീഴിലുള്ള നാലു പദ്ധതികളിലായി 350 കോടി രൂപയാണു കേന്ദ്രം അനുവദിച്ചത്.
ഇതിൽ സ്വദേശ് ദർശന്റെ ഭാഗമായി 90 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഗവി, വാഗമണ്‍, തേക്കടി എന്നിവിടങ്ങളിലെ അടിസ്ഥാനവികസന പദ്ധതികൾ സെപ്റ്റംബർ മാസത്തിൽ പൂർത്തീകരിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട അനുമതികൾ ലഭിക്കുന്നതിനുള്ള കാലതാമസമാണു സ്വദേശ് ദർശൻ പദ്ധതികൾ പൂർത്തീകരിക്കുന്നതിലുള്ള പ്രധാന തടസം.
ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച് ഇവയ്ക്കുള്ള അനുമതി വാങ്ങാമെന്നു ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമല-എരുമേലി-പന്പ-സന്നിധാനം ഉൾപ്പെടുന്ന പദ്ധതികൾക്ക് അനുവദിച്ച 99.99 കോടി രൂപയിൽ 64 കോടി രൂപയുടെ പ്രവൃത്തികൾക്കു ടെൻഡർ നൽകി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറന്മുള, ശബരിമല എന്നിവയ്ക്കു സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി 5.94 കോടി രൂപ അനുവദിച്ചു. ഇതിൽ ആറന്മുളയിലെ പ്രവൃത്തികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. പ്രസാദ് പദ്ധതിയുടെ ഭഗമായി ഗുരുവായൂർ വികസനത്തിന് അനുവദിച്ച 46 കോടി രൂപയിൽ ഇതുവരെ സിസിടിവിയുടെ പണികൾ മാത്രമാണ് ആരംഭിക്കാനായത്.
ആധുനികരീതിയിലുള്ള കാർ പാർക്കിംഗ് സംവിധാനത്തിന്റെയും ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെയും നിർമാണം ആരംഭിച്ചിട്ടില്ല. മലയാറ്റൂർ പള്ളിയും ചേരമാൻ ജുമാമസ്ജിദും പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ ശിപാർശ ലഭിച്ചിട്ടുണ്ട്. മലയാറ്റൂർ പള്ളിയുടെ ഭാഗമായ കുന്നും മലയും നിരത്തി കോണ്‍ക്രീറ്റ് ചെയ്യണമെന്ന നിർദേശം സ്വീകാര്യമല്ലാത്തതിനാൽ പുതുക്കിയ ശിപാർശ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണെന്നും കണ്ണന്താനം പറഞ്ഞു.
ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ റിട്ട. ജസ്റ്റീസ് എസ്. സിരിജഗൻ, സ്വദേശ് ദർശൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഭാരതി കശ്യപ് ശർമ, സംസ്ഥാന ടൂറിസം ഡയറക്ടർ പി. ബാലകിരണ്‍, സംസ്ഥാന ടൂറിസം പ്ലാനിങ്ങ് ഓഫീസർ വി.എസ്. സതീഷ്, തിരുവതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസു, ടൂറിസം വകുപ്പിലെയും ദേവസ്വം ബോർഡിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.