സ്വന്തം ലേഖകന്‍
കൊച്ചി: കുഞ്ഞുങ്ങളുടെ സംഗീതപഠനത്തില്‍ നൂതനാശയവുമായി പ്രമുഖ സംഗീത സംവിധായകനും പിന്നണിഗായകനും സംഗീത വിദ്യാഭ്യാസ വിചക്ഷണനുമായ അല്‍ഫോന്‍സ് ജോസഫ്. ഗര്‍ഭാവസ്ഥ മുതല്‍ കുഞ്ഞിനെ സംഗീതം ശക്തമായി സ്വാധീനിക്കുന്നുവെന്ന ശാസ്ത്രീയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് (കെഎംഎൽ) എന്ന പേരിലുള്ള സംഗീത വിദ്യാഭ്യാസ പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളത്. ഏഷ്യയില്‍ ആദ്യമായാണു ഇത്തരമൊരു പ്രീ സ്കൂള്‍ സംഗീത പാഠ്യപദ്ധതി അവതരിപ്പിക്കപ്പെടുന്നത്.
സംഗീതത്തില്‍ അഭിരുചിയുള്ള കുട്ടികളെ ക്രിയാത്മക നൈപുണ്യ വികസന വഴികളിലൂടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് എത്തിക്കാനാണു കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് ലക്ഷ്യമിടുന്നതെന്ന് അല്‍ഫോന്‍സ് പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസരംഗത്തുള്ള പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയാണ് പദ്ധതി വികസിപ്പിച്ചെടുത്തത്.ഇതിന്റെ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ഗര്‍ഭിണികളായ സ്ത്രീകളില്‍ സംഗീതവുമായി ബന്ധപ്പെട്ടു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ മൂന്നു രാഗങ്ങളില്‍ അല്‍ഫോന്‍സ് ജോസഫ് മ്യൂസിക് ട്രാക്കുകള്‍ ചിട്ടപ്പെടുത്തി. ഇത് അമ്മമാരിലൂടെ ഭ്രൂണാവസ്ഥയിലുള്ള 90 കുഞ്ഞുങ്ങളെ കേള്‍പ്പിച്ചു. വൈവിധ്യമാര്‍ന്ന സാമൂഹിക സാംസ്കാരിക സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു അമ്മമാർ. പ്രീനേറ്റല്‍ സോണോഗ്രാഫക് ഉപകരണങ്ങളാണ് ഇതിന് ഉപയോഗിച്ചത്. സംഗീതം ശ്രവിക്കാത്ത ഭ്രൂണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സംഗീതം ശ്രവിച്ചവയുടെ പ്രതികരണം വളരെ ശ്രദ്ധേയമായാണു രേഖപ്പെടുത്തിയത്.
ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍നിന്ന് വിദ്യാഭ്യാസം നേടിയ സംഗീതജ്ഞനും ക്രോസ്റോഡ്സ് സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ (സിആര്‍എസ്എം) സ്ഥാപകനുമായ അല്‍ഫോന്‍സ്, സംഗീത വിദ്യാഭ്യാസത്തിന്റെയും ചികിത്സാ, സാമൂഹികപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള സംഗീത പരീക്ഷണങ്ങളിലും സജീവമാണ്.
17 വര്‍ഷക്കാലം ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ മെലഡി സൃഷ്ടിച്ച, സംഗീത മാന്ത്രികന് എ.ആർ. റഹ്മാന്റെ വേള്‍ഡ് ടൂര്‍ ഉള്‍പ്പെടെ പ്രാദേശികമായും അന്തര്‍ദേശീയമായും 500 ലധികം കണ്‍സേര്‍ട്ടുകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള അല്‍ഫോന്‍സ്, നാലു വര്‍ഷക്കാലം സിനിമാ മേഖലയിലെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തിയാണു കെഎംഎല്‍ പാഠ്യപദ്ധതി വികസിപ്പിച്ചത്.
സംഗീതം പല തരത്തിലുള്ള അനുഭവങ്ങളിലൂടെ പകര്‍ന്നു കൊടുക്കുന്ന സമീപനവും പ്രീസ്കൂള്‍ പഠനത്തിലെ ഏറ്റവും മികച്ച സങ്കേതങ്ങള്‍ കണ്ടെത്തി അതു സംഗീത പഠനത്തോടു ചേര്‍ക്കുന്നതും കൊണ്ടുതന്നെ, കെഎംഎല്‍ അടിസ്ഥാനപരമായി ഒരു വിപ്ലവകരമായ മുന്നേറ്റമാണെന്നു ക്രോസ്റോഡ് സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടര്‍ രജനി അല്ഫോന്സും കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് അക്കാദമിക്സ് ആന്‍ഡ് ഇന്നൊവേഷന് ഹെഡ് അനു പിനീറോയും പറഞ്ഞു.
പാഠ്യപദ്ധതിയില്‍ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ ശാസ്ത്രീയവും ശിശുസൗഹൃദ രീതികളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നു. പ്രായത്തിന് അനുയോജ്യമായ കളികൾ, ചിത്രരചന, ഗാനങ്ങള്‍, കഥകള്‍ എന്നിവ ഈ രീതിയില്‍ ഉള്‍പ്പെടുന്നു. ക്രോസ്റോഡ്സ് സ്കൂള്‍ ഓഫ് മ്യൂസിക്, രാജഗിരി കിന്റര്ഗാര്ട്ടന്, കളമശേരി എന്നിവിടങ്ങളിലാണ് പ്രൗഢമായ കെഎംഎല്‍ ശൈലി ആദ്യമായി നടപ്പാക്കുന്നത്.
രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂള്‍, അസീസി വിദ്യാനികേതന്‍ എന്നിവിടങ്ങളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ കെഎംഎല്‍ നടപ്പാക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ക്രോസ്റോഡ്സ് മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ പത്തടിപ്പാലത്തുള്ള പ്രധാന കാമ്പസില്‍ 400ഓളം വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നു. പനമ്പിള്ളി നഗറിലും പഠനകേന്ദ്രമുണ്ട്.
ലോക സംഗീത ദിനാചരണത്തിനു മുന്നോടിയായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകനും ചൈല്‍ഡ് മ്യൂസിക് മെന്ററുമായ എം. ജയചന്ദ്രനും അല്‍ഫോന്‍സ് ജോസഫും ചേര്‍ന്നു കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡ് ബ്രാന്‍ഡിന്റെ ലോഗോ അനാവരണം ചെയ്തു. കിന്‍ഡര്‍ മ്യൂസിക് ലാന്‍ഡിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു എം. ജയചന്ദ്രന് പറഞ്ഞു. ക്രിയേറ്റീവ് ഡയറക്ടര്‍ ടെനാ കോണിൽ, അക്കാദമിക് അഡ്വൈസര്‍ ഡോ. കെ. എ. സ്റ്റീഫന്‍സണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.