പാലാ: കളരിയാമാക്കൽ ചെക്ക്ഡാമിൽ നാളുകളായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
അൽഫോൻസാ കോളജ് എൻ എസ് എസ് യൂണിറ്റ് ക്യാന്പിന്റെ ഭാഗമായിട്ടാണ് ചെത്തിമറ്റം കളരിയാമാക്കൽ കടവ് ചെക്ക്ഡാം വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.
ചെക്ക് ഡാം ശുചീകരിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് ആശംസകളുമായി മാണി സി കാപ്പൻ എം എൽ എ എത്തിയത് വിദ്യാർത്ഥിനികൾക്കു ആവേശമായി. തുടർന്നു ശ്രമദാനത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കു എം എൽ എ നന്ദി രേഖപ്പെടുത്തി.
എൻ എസ് എസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയ മരക്കന്പുകളും പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.
മീനച്ചിൽ നദീസംരക്ഷണ സമിതിയും തദ്ദേശവാസികളും വിദ്യാർത്ഥികൾക്കൊപ്പം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
എൻ എസ് എസ് കോ -ഓർഡിനേറ്റർ ഡോ. സിമിമോൾ സെബാസ്റ്റ്യൻ, ഡോ. മറിയാമ്മ മാത്യു, നിരുപമ എലിസബത്ത്, രവി പാലാ, സിബി റീജൻസി, രമേഷ് കിടങ്ങൂർ, ജയേഷ് ജോർജ്, മനോജ് മാത്യു, ബിജു. വി തുടങ്ങിയവർ നേതൃത്വം നൽകി. മുനിസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കരയും വിദ്യാർഥിനികൾക്കു പിന്തുണയുമായി എത്തിയിരുന്നു.