പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനം പൂർത്തിയാകുന്പോൾ നിലവിലെ ചാന്പ്യന്മാരായ പാലാ അൽഫോൻസ കോളജ് മുന്നിൽ. പുരുഷവിഭാഗത്തിൽ കോതമംഗലം എംഎ കോളജാണ് മുന്നിട്ടു നിൽക്കുന്നത്.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഇന്നലെ 21 മത്സരങ്ങൾ പൂർത്തിയായപ്പോൾ 92 പോയിന്റുമായിട്ടാണ് പാലാ അൽഫോൻസ മുന്നിട്ടു നിൽക്കുന്നത്. 83 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ കോളജാണ് തൊട്ടുപിന്നിൽ. കോതമംഗലം എംഎ കോളജ് 37 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. പുരുഷ വിഭാഗത്തിൽ 103 പോയിന്റ് നേടിയാണ് കോതമംഗലം എംഎ കോളജ് ബഹുദൂരം മുന്നിലെത്തിയിരിക്കുന്നത്. പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണം, വെള്ളി, വെങ്കലം നേടിയാണ് കോതമംഗലം എംഎ കോളജിന്റെ മുന്നേറ്റം.
46 പോയിന്റ് നേടി ചങ്ങനാശേരി എസ്ബി കോളജാണ് രണ്ടാം സ്ഥാനത്ത്. 22 പോയിന്റ് നേടി പാലാ സെന്റ് തോമസ് കോളജ് മൂന്നാം സ്ഥാനത്തുണ്ട്. ആദ്യദിനം മൂന്നു മീറ്റ് റിക്കാർഡുകൾ പിറന്നു. വനിതകളുടെ 100 മീറ്ററിൽ പാലാ അൽഫോൻസ കോളജിലെ രമ്യാ രാജനും ഹർഡിൽസിൽ അൽഫോൻസ കോളജിലെ ഡൈബി സെബാസ്റ്റ്യനും പുരുഷവിഭാഗം ഹൈജംപിൽ എറണാകുളം സെന്റ് ആൽബർട്സിലെ ജിയോ ജോസുമാണ് റിക്കാർഡിട്ടത്. ഇന്നലെ രാവിലെ ആറിന് മത്സരങ്ങൾ ആരംഭിച്ചു.
10നു നടന്ന സമ്മേളനത്തിൽ കെ.എം. മാണി എംഎൽഎ മീറ്റ് ഉദ്ഘാടനം ചെയ്തു. ജോസ് കെ.മാണി എംപി, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ ആതിഥേയത്വത്തിലാണ് മീറ്റ് നടക്കുന്നത്. ഇന്ന് 1000, 200, 800 മീറ്റർ, ഹാമർ ത്രോ, പോൾവാൾട്ട്, ഡിസ്ക്സ് ത്രോ മത്സങ്ങൾ നടക്കും. വൈകുന്നേരം റിലേ മത്സരത്തോടെ മീറ്റിനു സമാപനമാകും.
അഞ്ചാംവട്ടവും മേരി മാർഗരറ്റ്
പാലാ: അർത്തുങ്കൽ കടപ്പുറത്തെ മണലിൽ കൂടിയാണ് സഹോദരിയും കായികാധ്യാപികയുമായ കൊച്ചുത്രേസ്യക്കൊപ്പം മേരി മാർഗരറ്റ് നടന്നു പരിശീലിച്ചത്. ഇന്നു നടത്തത്തിൽ മേരി മാർഗരറ്റിനെ തോൽപ്പിക്കാൻ ആരുമില്ല. കഴിഞ്ഞ അഞ്ചു വർഷമായി എംജി യൂണിവേഴ്സിറ്റി അഞ്ചു കിലോമീറ്റർ നടത്ത മത്സരത്തിലെ ജേതാവാണ് പാലാ അൽഫോൻസ കോളജിലെ അവസാന വർഷ പിജി വിദ്യാർഥിനിയും ആലപ്പുഴ അർത്തുങ്കൽ കൊച്ചിക്കാരൻ വീട്ടിൽ ജോണിന്റെയും ഗ്രേസിയുടെയും മകളുമായ മേരി മാർഗരറ്റ്. ഇന്നലെ നടന്ന അഞ്ചു കിലോ മീറ്റർ നടത്ത മത്സരത്തിൽ 23 മിനിറ്റ് 40.90 സെക്കൻഡ് സമയം കൊണ്ടാണ് റിക്കാർഡിൽനിന്നു റിക്കാർഡിലേക്കു മേരി നടന്നു കയറിയത്. മേരി തന്നെ സ്ഥാപിച്ച 22 മിനിറ്റ് 59.30 സെക്കൻഡായിരിന്നു മുൻ റിക്കാർഡ്. 2015ൽ നടന്ന ജൂണിയർ നാഷണൽ മീറ്റിൽ സ്വർണവും ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ വെങ്കലും നേടിയിട്ടുണ്ട് ഈ നടത്തക്കാരി. നടത്തത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാണ് മേരിയുടെ തീരുമാനം. മേരിയുടെ കോളജിലെ തന്നെ ടെസ്ന ജോസഫിനാണ് രണ്ടാം സ്ഥാനം. അൽഫോൻസാ കോളജിലെ തങ്കച്ചൻ മാത്യുവാണ് ഇരുവരുടെയും പരിശീലകൻ.
റിക്കാർഡ് ഡൈബി
പാലാ: ഹർഡിൽസിൽ ഡൈബി ചാടിക്കടന്നത് പുത്തൻ റിക്കാർഡുമായാണ്. 100 മീറ്റർ ഹർഡിൽസിൽ പാലാ അൽഫോൻസ കോളജിലെ ഡൈബി സെബാസ്റ്റ്യൻ പുതിയ മീറ്റ് റിക്കാർഡ് സ്ഥാപിച്ച് എംജി മീറ്റിലെ ആദ്യദിനത്തിലെ താരമായി. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ കെ.എ. ഷാമിലമോൾ 16 വർഷം മുന്പു സ്ഥാപിച്ച 14.10 സെക്കൻഡ് സമയം. 14.02 സെക്കൻഡ് എന്ന് തിരുത്തിക്കുറിച്ചാണ് ഡൈബി റിക്കാർഡ് സ്ഥാപിച്ചത്. മൂലമറ്റം പാതിപുരയിടത്തിൽ ദേവസ്യയുടെയും ബീനയുടെയും ഇളയ മകളായ ഡൈബി അൽഫോൻസ കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ്. കഴിഞ്ഞ ആറു വർഷമായി ഡൈബി പരിശീലിപ്പിക്കുന്നത് സ്പോർട്സ് കൗണ്സിൽ അത്ലറ്റിക് കോച്ചായ ജൂലിയസ് ജെ മനയാനിയാണ്. കഴിഞ്ഞ വർഷം ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ വെള്ളി നേടിയിരുന്നു. എട്ടാം ക്ലാസ് മുതൽ സംസ്ഥാന, ദേശീയ സ്കൂൾ മീറ്റുകളിൽ സ്വർണ ജേതാവായിരുന്നു ഡൈബി.
പുതിയ ദൂരമെറിഞ്ഞ് നെൽസാമോൾ
പാലാ: കഴിഞ്ഞ വർഷത്തെ ദൂരം മറികടന്ന് നെൽസാമോൾക്ക് ഷോട്ട്പുട്ടിൽ രണ്ടാം വർഷവും സ്വർണത്തിളക്കം. കോതമംഗലം എംഎ.കോളജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിനിയായ നെൽസ കഴിഞ്ഞ വർഷത്തെ 11.66 മീറ്റർ ദൂരം ഇത്തവണ 11.77 മീറ്ററായി ഉയർത്തിയാണ് രണ്ടാംവട്ടം സുവർണ നേട്ടം കരസ്ഥമാക്കിയത്. ഇടുക്കി പാറത്തോട് സ്വദേശിനിയായ നെൽസാമോൾ കർഷക ദന്പതികളായ സജിയുടെയും ശോശാമ്മയുടെയും മകളാണ്. ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിലും സ്വർണം നേടിയിട്ടുണ്ട്.
ഹൈംജംപിൽ റിക്കാർഡിട്ട് ജിയോ
പാലാ: പൊക്കമാണു ജിയോ ജോസിന്റെ വിജയരഹസ്യം പാലാ സ്റ്റേഡിയത്തിലെത്തിയ ആരും ജിയോയെ ഒന്നു നോക്കും. കാരണം ജിയോയുടെ പൊക്കംതന്നെ. പുരുഷന്മാരുടെ ഹൈജംപിൽ സ്വർണം നേടിയ എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ ജിയോ ജോസിന്റെ ഉയരം ആറടി ഏഴിഞ്ച്. പാലായിലെ മൈതാനത്ത് പുതിയ റിക്കാർഡും സ്ഥാപിച്ചാണ് വരാപ്പുഴ സ്വദേശി ജിയോ മടങ്ങിയത്. 2.15 മീറ്ററാണ് ജിയോ സ്ഥാപിച്ച പുതിയ റിക്കാർഡ്. കോതമംഗലം എംഎ കോളജിലെ മിറൻ ജോ സെബാസ്റ്റ്യൻ 2013ൽ സ്ഥാപിച്ച 2.04 എന്ന റിക്കാർഡാണു ജിയോ തിരുത്തിയത്.
വേഗറാണി രമ്യ, വേഗരാജാവ് അഭിജിത്
പാലാ: വേഗറാണിയായി രമ്യയും വേഗരാജാവായി അഭിജിത്തും. വേഗതാരങ്ങളെ കണ്ടെത്താനായി ഇന്നലെ നടന്ന 100 മീറ്ററിൽ പെണ്കുട്ടികളുടെ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളജിലെ രമ്യാ രാജൻ പുതിയ മീറ്റ് റിക്കാർഡോടെയാണ് വേഗറാണിയായത്. അൽഫോൻസാ കോളജിലെ തന്നെ നീതു രാജൻ സ്ഥാപിച്ച് 11.90 സെക്കൻഡ് സമയം 11.80 സെക്കൻഡ് സമയമാക്കി കുറച്ചാണ് പാലായിലെ സിന്തറ്റിക് ട്രാക്കിൽ രമ്യ വേഗറാണിയായത്.കോതമംഗലം എംഎ കോളജിലെ അഭിജിത്ത് ബി. നായരാണ് വേഗരാജാവ്. 10.75 സെക്കൻഡ് സമയത്തിലാണ് അഭിജിത്ത് ഓടിയെത്തിയത്.
ജിബിൻ കുര്യൻ