കോട്ടയം: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് മിച്ചം കെഎസ്ഇബിക്ക് നല്കാനുള്ള തയാറെടുപ്പിലാണ് ഭരണങ്ങാനം അൽഫോൻസ റെസിഡൻഷ്യൽ സ്കൂൾ അധികൃതർ. സ്കൂളിലേക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലിൽനിന്നും ഉത്പാദിപ്പിക്കാനുള്ള പദ്ധതി പൂർത്തിയായി. സ്വന്തം ആവശ്യത്തിനുശേഷം മിച്ചമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകി ചെറിയ വരുമാനവും സ്കൂളിനു ലഭിക്കും.
രണ്ടാഴ്ചക്കുള്ളിൽ വൈദ്യുതി ഉത്പാദനം തുടങ്ങും. സ്കൂളിന്റെ ടെറസിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽനിന്നും 17.5 കിലോവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഒരു ദിവസം 60 യൂണിറ്റ് വൈദ്യുതി ലഭിക്കും. 60 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് സ്കൂളിലെ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനാകും. ഗാർഹിക ഉപയോഗത്തിൽനിന്നും വ്യത്യസ്തമായി സ്കൂളുകളിൽ പകൽ സമയത്താണു വൈദ്യുതി ഉപയോഗം കൂടുതൽ വേണ്ടി വരുന്നത്.
അവധി ദിവസങ്ങളിലും സ്കൂൾ പ്രവൃത്തി സമയമല്ലാത്ത സമയങ്ങളിലെയും വൈദ്യുതി കെഎസ്ഇബിക്ക് നൽകും. ഇതിനു കെഎസ്ഇബി ഒരു യൂണിറ്റിന് 2.50 രൂപ എന്ന കണക്കിൽ പണവും നൽകും. സോളാർ പാനലിൽനിന്ന് നേരിട്ട് വൈദ്യുതി ലഭ്യമാകുന്നതിനാൽ വൈദ്യുതി ശേഖരിച്ച് ഉപയോഗിക്കുവാനുള്ള ബാറ്ററിയുടെ അധിക ചെലവ് ഉണ്ടാകുന്നില്ലെന്ന പ്രത്യേകയുമുണ്ട്.
പരിസ്ഥിതി സൗഹൃദം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഉൗർജസംരക്ഷണത്തിന്റെ പുത്തൻ മാതൃക കൂടി സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആൻസൽ മരിയ എഫ്സിസിയുടെ നേതൃത്വത്തിൽ സ്കൂൾ മാനേജ്മെന്റും പിടിഎ പ്രസിഡന്റ് ജോസ് പാറേക്കാട്ടിന്റെ നേതൃത്വത്തിൽ പിടിഎ കമ്മിറ്റിയും ചേർന്ന് സോളാർ പദ്ധതി ആവിഷ്കരിച്ചത്.
രഞ്ജു പവർ സൊല്യൂഷൻ എന്ന പ്രൈവറ്റ് സ്ഥാപനവുമായി ചേർന്ന് പത്തര ലക്ഷം രൂപ മുടക്കിയാണു പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ കെട്ടിടത്തിന്റെ മുകളിലാണ് സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെനിന്നും യുജി കേബിൾ വഴി നെറ്റ് മീറ്ററിൽ വൈദ്യുതി എത്തുന്നു. നെറ്റ് മീറ്ററിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, കഐസ്ഇബിക്ക് നൽകുന്ന വൈദ്യുതി, മിച്ചം എന്നിവ കൃത്യമായി റീഡ് ചെയ്യുന്നു.
വൈദ്യുതി ബോർഡിന്റെ എല്ലാ മാനദണ്ഡങ്ങളും കർശനമായി നടപ്പാക്കിയാണ് സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കഐസ്ഇബി അധികൃതരുടെ വിദഗ്ധമായ പരിശോധനകൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഈ മാസം പകുതിയോടെ വൈദ്യുതി ഉത്പാദനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.