കെ.ആർ. പ്രമോദ്
പണ്ടെന്നു വച്ചാൽ പണ്ടു പണ്ട്, പത്തെൺപതു വർഷം മുമ്പു നടന്ന കഥയാണ്.മീനച്ചിലാറിന്റെ തീരത്തുള്ള ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ അവരറിയാതെ ചരിത്രത്തിന്റെ ഭാഗമായ കഥ. അവരിൽ ചേച്ചിയുടെ പേര് സരോജം. അനുജത്തി പങ്കജം.
വീട്ടിൽനിന്നു നാലര കിലോമീറ്റർ അകലെയുള്ള ഭരണങ്ങാനം സ്കൂളിലായിരുന്നു അവർ പഠിച്ചിരുന്നത്.
അക്കാലത്തു ബസുകളും വാഹനങ്ങളും വിരളം. ടാറിട്ട വഴിയില്ല. വലിയ പീടികകളില്ല. വൈദ്യുതി പോലുമില്ല. കുട്ടികൾ മാത്രമല്ല, അധ്യാപകരും മൈലുകളോളം നടന്നാണു വിദ്യാലയങ്ങളിൽ എത്തിയിരുന്നത്.
നല്ല മഴക്കാലത്ത് മീനച്ചിലാർ കരകവിഞ്ഞ് റോഡിലേക്കു കയറും. പിന്നെ, തൊട്ടാവാടികളും കാരമുള്ളുകളും നിറഞ്ഞ ഇടവഴികളും കയ്യാലകളും കടന്നു വേണം ഭരണങ്ങാനത്തിനും പാലായ്ക്കുമൊക്കെ പോകാൻ.
അത്തരം മഴക്കാലങ്ങളിൽ മറ്റു കൂട്ടുകാർക്കൊപ്പം കാടും മേടും പിന്നിട്ടു ഭരണങ്ങാനം ക്ലാരമഠത്തിന്റെ പിന്നിലെ പറമ്പിലൂടെയാണ് സരോജവും കൂട്ടരും സമീപത്തെ സ്കൂളിലേക്കു പോയിരുന്നത്.
അങ്ങനെയൊരു യാത്രയ്ക്കിടയിൽ പെട്ടെന്നു മഴ വന്നപ്പോൾ അവർ മഠത്തിലേക്കു കയറിച്ചെന്നു. അവിടെക്കണ്ട കന്യാസ്ത്രീയുമായി സംസാരം തുടങ്ങി.
അപ്പോഴാണ് അടുത്ത കെട്ടിടത്തിലെ മുറിയിൽ ഒരു കന്യാസ്ത്രീ അസുഖമായി കിടക്കുന്നുണ്ടെന്ന് അറിഞ്ഞത്. കുട്ടികളുടെ ആഗ്രഹപ്രകാരം സിസ്റ്റർ അവരെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി.
പൂവിന്റെ പുഞ്ചിരി
ചെറുതെങ്കിലും വൃത്തിയുള്ള മുറിയുടെ വാതിൽ പാതി ചാരിയിട്ടുണ്ട്.കുട്ടികൾ അവിടെനിന്ന് അകത്തേക്കു നോക്കി. ഇഷ്ടികകൊണ്ടു തീർത്ത മുറി. നിലത്തു മണൽ വിരിച്ചിട്ടുണ്ട്. ഒരു കോണിലെ കട്ടിലിൽ ചെറുപ്പം തോന്നിക്കുന്ന ഒരു സിസ്റ്റർ വാടി വിളറിയ പുഷ്പംപോലെ ശയിക്കുന്നു! അടുത്തുള്ള മേശപ്പുറത്ത് കത്തുന്ന മെഴുകുതിരിയും ചുറ്റും കുറച്ചു പൂക്കളും.
കുട്ടികൾ ഈ കാഴ്ച അമ്പരപ്പോടെ തെല്ലുനേരം നോക്കിനിന്നു. വൃദ്ധയായ ഏതോ കന്യാസ്ത്രീ ഗുരുതരാവസ്ഥയിൽ അവിടെ കിടക്കുന്നുണ്ടെന്നാണ് അവർ കരുതിയത്. എന്നാൽ കണ്ടതാകട്ടെ, ക്ഷീണിതയെങ്കിലും ചൈതന്യം വിട്ടൊഴിയാത്ത ഒരു യുവസന്യാസിനിയെ!
ഒറ്റ നോട്ടത്തിൽത്തന്നെ എല്ലാവർക്കും രോഗിണിയോട് താത്പര്യം തോന്നി. പിന്നീടാണ് അവരുടെ പേര് ‘അൽഫോൻസ’ എന്നാണെന്നും ചിത്രത്തുന്നലിലും മറ്റും വൈദഗ്ധ്യമുള്ളയാളാണെന്നും മനസിലായത്.
തുന്നൽ അക്കാലത്തെ പെൺകുട്ടികളുടെ ഇഷ്ട വിനോദമായിരുന്നല്ലോ. അതുകൊണ്ടുതന്നെ ആ സിസ്റ്ററെ പെൺകുട്ടികൾക്ക് നന്നേ ബോധിച്ചു. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് ക്ലാസ് നേരത്തേ വിടുന്ന സമയത്ത് സാരോജവും കൂട്ടുകാരും അൽഫോൻസാ സിസ്റ്ററിനെ ചെന്ന് ഒരുനോക്കു കാണുന്നത് പതിവാക്കി.
കുട്ടികൾ കാണാൻ വരുന്നത് അവർക്കും വളരെ ഇഷ്ടമായിരുന്നു. അവിടെ ചെല്ലുമ്പോഴൊക്കെ ചാമ്പങ്ങയും പൂക്കളും പൈതങ്ങൾക്കു സമ്മാനമായി കിട്ടി.
ഒരിക്കൽ കുട്ടികൾക്ക് അൽഫോൻസാമ്മയെ മുറിയുടെ അകത്തു ചെന്നു കാണാൻ അവസരം ലഭിച്ചു. അപ്പോഴേക്കും ശരീരത്തിൽ നീര് പടർന്നുകഴിഞ്ഞിരുന്നു. വയ്യായ്കകൾക്കിടയിലും പ്രാർഥനയും പുഞ്ചിരിയുമായി കഴിയുന്ന സിസ്റ്ററിനെയാണ് കുട്ടികൾ കണ്ടത്. ആ കാഴ്ച കാണാൻ ആർക്കും കരുത്തില്ലായിരുന്നു. അതോടെ അത്തരം സന്ദർശനങ്ങൾ അവസാനിച്ചു.
ഭരണങ്ങാനത്തെ പഠനത്തിനുശേഷം സരോജവും മറ്റും ഏറ്റുമാനൂരിൽ ഉപരിപഠനത്തിന് ചേർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിലേക്കു പോകാൻ പാലായിൽനിന്നുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഭരണങ്ങാനത്തുനിന്നു കയറിയ ഒരു സത്രീ പറഞ്ഞാണ് അൽഫോൻസാ സിസ്റ്റർ മരിച്ച വിവരം അറിഞ്ഞത്.
അടങ്ങാത്ത വേദനകളിൽ ഉരുകുമ്പോഴും പുഞ്ചിരിക്കുന്ന കാരുണ്യരൂപിണിയുടെ മുഖമാണ് സരോജത്തിന് അപ്പോൾ ഓർമ വന്നത്.
സഹനം ദൈവമാർഗം!
വർഷങ്ങൾക്കുശേഷം സരോജവും പങ്കജവും പുതുതലമുറകൾക്ക് വെളിച്ചം പകരുന്ന അധ്യാപികമാരായി പരിണമിച്ചു. പലവിധമുള്ള കർമവഴികൾ പിന്നിട്ട് വാർധക്യത്തിലെത്തിയിട്ടും പ്രിയസിസ്റ്ററിനെ അവർ മറന്നില്ല.
“ആ സിസ്റ്ററമ്മ എന്തുമാത്രം വേദനയനുഭവിച്ചു! എന്നിട്ടും ചിരിച്ചുകൊണ്ടു കട്ടിലിൽ കിടക്കുന്ന കാഴ്ച ഒരിക്കലും മറക്കാൻ സാധിക്കില്ല! ദൈവം ശരിക്കും അവരോടൊപ്പം ഉണ്ടായിരുന്നു!”- ഓരോ പെരുന്നാൾ വരുമ്പോഴും ഈ സഹോദരിമാർ ഈവിധം പറഞ്ഞു പലരോടും സങ്കടപ്പെട്ടു.
ഇത്തരം ഓർമകളുടെ കരുത്തു മൂലമാകാം ആധി-വ്യാധികളെ മനക്കരുത്തോടെ നേരിടാനുള്ള ധൈര്യവും പാകതയും ഇരുസഹോദരിമാർക്കും കിട്ടിയതെന്നു പറയാതെ വയ്യ.
എന്റെ പിതൃസഹോദരിമാരായിരുന്ന ഇരുവരും കുറച്ചു വർഷങ്ങൾക്കു മുമ്പേ ലോകം വിട്ടുപോയെങ്കിലും നാനാജാതി മതസ്ഥരുടെ മനസുകളിൽ അൽഫോൻസായെന്ന വിശുദ്ധ പുഷ്പം ഇതുപോലെ എക്കാലവും ഓർമകളുടെ വസന്തവും ശാന്തിയും തീർക്കുമെന്നതിൽ സംശയമില്ല.
സഹനവും ത്യാഗവുമാകുന്ന ശിലകൾകൊണ്ടാണ് സ്വർഗത്തിൽ നമുക്കായി മാളികകൾ പണിയുന്നതെന്ന് അൽഫോൻസാമ്മ പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. സഹനത്തിന്റെ മഹാസന്ദേശമാണത്.
മിഴിനീരിൽ ഹൃദയം ഉരുകട്ടെ!
ഇന്നത്തെ സൈബർ പാതാളലോകങ്ങളും ആപ്പുകളും ചതിക്കുഴികളും ഒന്നുമില്ലാതിരുന്ന സരളവും സുന്ദരവുമായ കാലത്തായിരുന്നു അൽഫോൻസാമ്മ ജീവിച്ചത്. അന്ന് നമ്മുടെ മനസുകളിൽ ഇത്രയും കന്മഷം കലർന്നിരുന്നില്ല.
ജീവിതം ഇത്രമാത്രം പ്രശ്ന സങ്കീർണമായിരുന്നില്ല. അതുകൊണ്ടൊക്കെയാകാം ഗ്രാമീണവും കളങ്കരഹിതവുമായ സ്നേഹത്തിന്റെ ചിറകുകൾ ഉപയോഗിച്ച്, ഭാരമില്ലാത്ത പക്ഷിയെപ്പോലെ ഈശ്വരസവിധത്തിലേക്കു പറന്നുചെല്ലാൻ അവർ കൊതിച്ചത്.
മഹാകവി ജി. ശങ്കരകുറുപ്പിന്റെ ‘സൂര്യകാന്തി’എന്ന കവിതയിൽ ഈ നിർമലബന്ധത്തിന്റെ പരാഗങ്ങളുണ്ട്. ഉപാധികളില്ലാത്ത, കളങ്കരഹിതമായ സ്നേഹമാണ് സൂര്യകാന്തിക്കു സൂര്യനോടുള്ളത്.
സ്നേഹത്തില്നിന്നു മറ്റൊന്നും ലഭിക്കാനില്ല. സ്നേഹത്തിന്റെ ഫലം സ്നേഹം! ജ്ഞാനത്തിന്റെ ഫലം ജ്ഞാനം! അതാണ് പരമമായ സത്യം! “എല്ലാവരോടും എനിക്കു സ്നേഹമാണ്. എത്ര വേദനിച്ചാലും ആരെയും വെറുക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല.
ആരുമറിയാതെ ദുഃഖം സഹിക്കണം! ആരുമറിയാതെ ത്യാഗം ചെയ്യണം!”എന്ന അൽഫോൻസാമ്മയുടെ വചനങ്ങൾ ഇതോടൊപ്പം കൂട്ടിവായിക്കുമ്പോഴാണ് നമുക്ക് ഈശ്വരന്റെ ജ്ഞാനവഴികളെക്കുറിച്ച് ആശ്ചര്യം തോന്നുന്നത്. പക്ഷേ, സ്നേഹവും സഹനവും ഹൃദയത്തെ ശുദ്ധീകരിക്കുമെന്ന ദർശനം ഇന്നാരും മനസിലാക്കാൻ തയാറല്ലെന്നു മാത്രം!
നല്ല പണിസാധനങ്ങൾ ഉണ്ടാക്കുന്നതിന് ലോകശില്പിയായ ഈശൻ ഹൃദയത്തെ മിഴിനീരിലിട്ട് മുക്കി ഉരുക്കിയെടുക്കുകയാണ് എന്നാണല്ലോ ‘കണ്ണുനീർത്തുള്ളി’യിൽ കവി നാലപ്പാടന്റെ ഭാഷ്യവും!
മനസാണ് ദൈവം!
ഒരുകണക്കിനു പറഞ്ഞാൽ, അൽഫോൻസാമ്മയുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഗുണഫലം നാടും സമൂഹവും ഒരുപോലെ ഇന്ന് അനുഭവിക്കുകയാണ്. വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കാൻ ലക്ഷക്കണക്കിന് മനുഷ്യർ നാനാദേശങ്ങളിൽനിന്നും ഭരണങ്ങാനത്ത് ഒത്തുചേരുന്നു.
കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തുപാടം വീട്, ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട് തുടങ്ങിയ അനേകം പ്രദേശങ്ങൾ പുണ്യസ്ഥാനങ്ങളായി മാറിയിരിക്കുന്നു.
വിവിധ നാടുകളിലെ അൽഫോൻസാ ദേവാലയങ്ങളും വിദ്യാലയങ്ങളും മറ്റു പ്രസ്ഥാനങ്ങളും നാടിനു വെളിച്ചം പകരുന്നു.
“എന്റെ ത്യാഗങ്ങൾക്കെല്ലാം സമ്മാനം സ്നേഹനാഥൻ തരാതിരിക്കില്ല”- എന്നായിരുന്നല്ലോ അമ്മയുടെ ആത്മധൈര്യം. ആ വിശ്വാസം ഈ ലോകത്തെ രക്ഷിച്ചു. ദൈവം അഥവാ മൂലപ്രകൃതി എന്നത് എല്ലാവരോടുമുള്ള കരുതലും സ്നേഹവുമാകുന്നുവല്ലോ!
[email protected]
വിശുദ്ധ അൽഫോൻസാമ്മ – ജീവിതരേഖ
1910 ഓഗസ്റ്റ് ഒന്നിന് കോട്ടയം ജില്ലയിൽ കുടമാളൂരിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും മകളായാണ് വിശുദ്ധ അല്ഫോന്സാമ്മ ജനിച്ചത്. ഓഗസ്റ്റ് 28ന് അല്ഫോന്സാമ്മയെ മാമ്മോദീസ മുക്കുകയും അവള്ക്ക് അന്നക്കുട്ടി എന്ന പേര് നല്കുകയും ചെയ്തു.
മൂന്നു മാസങ്ങള്ക്കുശേഷം അവളുടെ അമ്മ മരിച്ചതിനാല് അന്നക്കുട്ടി തന്റെ ശൈശവം അവളുടെ വല്യപ്പനും വല്യമ്മയ്ക്കുമൊപ്പം ഏലൂപറമ്പിലായിരുന്നു ചെലവഴിച്ചത്. ഈ അവസരത്തിലാണ് ആത്മീയജീവിതത്തിന്റെ ആദ്യവിത്തുകള് അവളില് വിതയ്ക്കപ്പെട്ടത്. കുടമാളൂര് പള്ളിയില് 1917 നവംബര് 11ന് അന്നക്കുട്ടി അദ്യകുര്ബാന സ്വീകരിച്ചു.
1917ല് അന്നക്കുട്ടിയെ ആർപ്പൂക്കര തൊണ്ണംകുഴി പ്രാഥമിക വിദ്യാലയത്തില് ചേര്ത്തു. പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയായപ്പോള് അവള് തന്റെ മാതൃസഹോദരി അന്നമ്മ മുരിക്കന്റെ മുട്ടുചിറയിലുള്ള ഭവനത്തിലേക്കു മാറി. വളരെ ചിട്ടയിലും നിയന്ത്രണത്തിലുമായിരുന്നു പേരമ്മയായിരുന്ന അന്നമ്മ, അന്നക്കുട്ടിയെ വളര്ത്തിയിരുന്നത്.
അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായമായപ്പോള് അവളുടെ പേരമ്മ സല്സ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാന് തീരുമാനിച്ചു. അവളാകട്ടെ വിവാഹജീവിതം ആഗ്രഹിച്ചിരുന്നില്ല. തന്റെ ആഗ്രഹപ്രകാരം കര്ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല് അവള് തന്റെ പാദം വരെ ഉമിത്തീയില് പൊള്ളിക്കുകയുണ്ടായി.
ആ നാളുകളില് മുട്ടുചിറ പള്ളിയില് വിശ്രമജീവിതം നയിച്ചിരുന്ന മുരിക്കന് പോത്തച്ചനും അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിക്ക് ഭാവി സംബന്ധമായ ഉപദേശം നല്കി. വിശുദ്ധ ഫ്രാന്സിസ് അസ്സീസിയെ ആധ്യാത്മിക പിതാവായി കാണുന്ന ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷനില് ചേരുക എന്നതായിരുന്നു അവര് നല്കിയ ഉപദേശം.
അതിനായി 1927 മേയ് 24ന് അവള് ഭരണങ്ങാനത്തുള്ള അവരുടെ ബോർഡിംഗിൽ ചേര്ന്ന് അവിടെ താമസിച്ചുകൊണ്ട് ഏഴാം തരത്തിനു പഠിക്കുവാന് തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന് അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു.
ആ ദിവസം വിശുദ്ധ അല്ഫോന്സ് ലിഗോരിയുടെ തിരുനാള് ദിവസമായിരുന്നതിനാല്, വിശുദ്ധ അല്ഫോന്സ് ലിഗോരിയുടെ ആദരണാര്ഥം അല്ഫോന്സ എന്ന നാമമാണ് അവള്ക്കു നല്കപ്പെട്ടത്.
സഭാവസ്ത്ര സ്വീകരണത്തിനായി അല്ഫോന്സ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19ന് ഭരണങ്ങാനം ഫൊറോന പള്ളിയില്വച്ച് ചങ്ങനാശേരി രൂപത മെത്രാന് മാര് ജെയിംസ് കാളാശേരിയില്നിന്നു സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. 1936 ഓഗസ്റ്റ് 12ന് വിശുദ്ധ ക്ലാരയുടെ തിരുനാള് ദിവസം ചങ്ങനാശേരി മഠത്തില് നിത്യവ്രതവാഗ്ദാനം നടത്തി.
വിവിധ തരത്തിലുള്ള അസുഖങ്ങളാല് അൽഫോൻസാമ്മ ഏറെ സഹനങ്ങള് ഏറ്റുവാങ്ങി. 1945ല് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള് അവളുടെ അന്ത്യനിമിഷങ്ങള് ദുരിതപൂര്ണമാക്കി.
1946 ജൂലൈ 28ന് ഭരണങ്ങാനം ഫ്രാന്സിസ്കന് ക്ലാരിസ്റ്റ് മഠത്തില് സിസ്റ്റര് അല്ഫോന്സ കര്ത്താവില് അന്ത്യനിദ്ര പ്രാപിച്ചു.1953 ഡിസംബര് രണ്ടിന് ദൈവദാസിയായും 1984 നവംബര് ഒന്പതിന് ധന്യയായും അവള് പ്രഖ്യാപിക്കപ്പെട്ടു.
40 വര്ഷങ്ങള്ക്കുശേഷം 1986 ഫെബ്രുവരി എട്ടിന് അല്ഫോന്സാമ്മയെ ജോണ് പോള് രണ്ടാമന് മാര്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാര്ച്ച് ഒന്നിന് ബെനഡിക്ട് പതിനാറാമന് മാര്പാപ്പ അല്ഫോൻസാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയര്ത്താന് തീരുമാനിക്കുകയും 2008 ഒക്ടോബര് 12ന് മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം അല്ഫോന്സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.