വിവരവും തന്റേടവും ഉണ്ടോ? നായികയെ തേടി അല്‍ഫോന്‍സ് പുത്രന്‍; നായികയ്ക്ക് വേണ്ട ഗുണഗണങ്ങള്‍ ഇതൊക്കെ…


പ്രേമത്തിന്റെ വിജയത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ പുതിയ സിനിമയുടെ തിരക്കിലേക്ക് കടക്കുകയാണ്. സംവിധായകന്‍ ആയല്ല, മറിച്ച് നിര്‍മ്മാതാവായാണ് ഇത്തവണ അല്‍ഫോന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഈ ചിത്രത്തിനായി നായികയെ തേടുകയാണ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍.

ഇതിനായി അല്‍ഫോന്‍സ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ ഇതൊക്കെയാണ്. വിവരവും തന്റേടവും ഉണ്ടായിരിക്കണം. മലയാളത്തെ ഇഷ്ടപ്പെടുന്ന ആളായിരിക്കണം. മെയ്ക്കപ്പ് കൂടാതെ സൗന്ദര്യം ഉണ്ടായിരിക്കണം. 17നും 25നും ഇടയില്‍ പ്രായമുള്ള കുട്ടിയേയാണ് ആവശ്യം. നിബന്ധനകള്‍ അല്‍പ്പം കടുപ്പമാണെങ്കിലും കോണ്‍ഫിഡന്‍സ് ഉള്ളവര്‍ക്ക് സമീപിക്കാമെന്നും പറഞ്ഞിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്‍ഫോന്‍സ് തന്റെ ആവശ്യം അറിയിച്ചത്.

അല്‍ഫോന്‍സ് പുത്രന്റെ സുഹൃത്തായ മെഹ്‌സീന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ വളരെ ഇഷ്ടമായെന്നും അതിനാലാണ് നിര്‍മ്മാതാവാകാന്‍ തീരുമാനിച്ചതെന്നും അല്‍ഫോന്‍സ് പറയുന്നു. ഇതും ഒരു സുഹൃത്ത് സംഗമമാണ്. കൃഷ്ണശങ്കര്‍, സിജു വില്‍സന്‍, ഷറഫുദ്ധീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പരിചിത താരങ്ങള്‍ തന്നെയാണ് ചിത്രത്തില്‍. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Related posts