എം. ജോസ് ജോസഫ്
ആലപ്പുഴ: കൊല്ലത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികൾ നിരീക്ഷണത്തിൽ.
എന്നാൽ ജില്ലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ദീപികയോട് പറഞ്ഞു. മഴക്കാലജന്യരോഗങ്ങളും ജീവിതശൈലീ രോഗങ്ങളും കുട്ടികൾക്കിടയിൽ ഉണ്ടാവുന്ന പകർച്ചപ്പനികളുമൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.
കൊതുക് പെരുകുന്നതും രോഗപ്രതിരോധശേഷി കുറയുന്നതും മഴക്കാലത്താണ്.
പകര്‍ച്ചവ്യാധികള്‍ സൂക്ഷിക്കണം
വെള്ളക്കെട്ടും മഴയും തണുത്ത അന്തരീക്ഷവും പകര്‍ച്ചവ്യാധികള്‍ വരുത്തുന്നു. ചുമയും കഫക്കെട്ടും പനിയിലേക്കു നയിക്കും.
ഏതുതരം പനിയെന്ന് സ്വയം മനസിലാക്കാൻ ശ്രമിക്കരുത്. വെള്ളക്കെട്ടിൽ കൊതുക് പെരുകി മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരക അസുഖങ്ങള്‍ പകരാതെ നോക്കണം.
വെള്ളത്തിലൂടെ പകരുന്ന കോളറയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ടൈഫോയ്ഡും അപകടകാരികളാണ്. വൃത്തിയില്ലായ്മയും മലിനവെള്ളവും ഇവയ്ക്ക് കാരണമാകാം.
മഞ്ഞപ്പിത്തവും വെള്ളത്തിലൂടെ പകരുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചകള്‍ക്കു ശേഷം പനി, ശരീരവേദന, ഛര്‍ദി, ശരീരത്തില്‍ മഞ്ഞപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു.
ത്വക്ക് രോഗങ്ങള്‍ മഴക്കാലത്ത് ഏറെയാണ്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമായ എലിപ്പനി ശരീരത്തിലെ മുറിവുകളിലൂടെയാണ് ബാധിക്കുന്നത്.
മങ്കി പോക്സ്: അറിയേണ്ട കാര്യങ്ങൾ
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ജന്തുജന്യ രോഗം. രോഗബാധയേറ്റ മൃഗങ്ങളുടെ രക്തം, സ്രവം എന്നിവയുടെ സമ്പർക്കത്തിലൂടെ പകരുന്നു. രോഗവാഹകർ- അണ്ണാൻ, എലികൾ, വിവിധയിനം കുരങ്ങുകൾ.
ലക്ഷണങ്ങൾ
പനി, തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ മുഖത്തും കൈകാലുകളിലും ചെറുകുമിള കാണപ്പെടുന്നു.
ചികിത്സ
ഇത് വൈറസ് രോഗമായതിനാൽ ചികിത്സ ലഭ്യമല്ല. വാക്സിനേഷൻ നിലവിലുണ്ട്. രോഗലക്ഷണങ്ങൾ ലഘൂകരിക്കാനും രോഗം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാനും ചികിത്സ ലഭ്യമാക്കണം.
പ്രതിരോധം
വന്യമൃഗങ്ങളും അവയുടെ രക്തം, മാംസം, മൃതശരീരം എന്നിവയോടും സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കണം.
മാംസം നന്നായി വേവിച്ച് ഉപയോഗിക്കുക. വൈറസ് ബാധ ഏറ്റവരോടോ സംശയിക്കുന്നവരോടോ സമ്പർക്കം പാടില്ല.