കൊച്ചി: ഹിമാലയത്തിലേക്ക് ഒരു യാത്ര. അതും ബുള്ളറ്റ് മോട്ടോർസൈക്കിളിൽ. സാഹസികയാത്രയെ സ്നേഹിക്കുന്ന ആരുടെയും സ്വപ്നമാണിത്. നാളുകളായി തങ്ങൾ മനസിലിട്ട് താലോലിച്ചിരുന്ന ഈ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഉറ്റ കൂട്ടുകാരികളായ ആൻഫിയും അനഘയും. ഒപ്പം സംശയം പ്രകടിപ്പിച്ചവർക്കുള്ള മറുപടിയും.
പതിനെട്ടു വയസുമാത്രം പ്രായമുള്ള ചാലക്കുടി സ്വദേശികളായ ആൻഫി മരിയ ബേബിയുടെയും ടി.എം. അനഘയുടെയും സാഹസികയാത്രയോടുള്ള ഇഷ്ടം ഹിമാലയം കയറിത്തുടങ്ങിയത് പ്ലസ്ടുവിനു പഠിക്കുന്പോഴായിരുന്നു. ആദ്യം രക്ഷിതാക്കൾ ഒന്നു മടിച്ചെങ്കിലും പിന്നീട് പച്ചക്കൊടി കാട്ടി. ജൂണ് രണ്ടിന് ഇരുവരും ഡൽഹിയിൽനിന്നു യാത്ര ആരംഭിച്ചു.
ഹരിയാന മുൻ ചീഫ് സെക്രട്ടറി ഡോ. ജി. പ്രസന്നകുമാർ ആണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഇരുവർക്കുമൊപ്പം യാത്രയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി മറ്റൊരു കാറിൽ ഒരു കാമറാമാനെയും കൂട്ടിയിരുന്നു.
ഡൽഹിയിൽനിന്നു ഹിമാലയത്തിൽ കയറി തിരികെ ഡൽഹിയിൽ എത്തി. അവിടെനിന്നു നേരേ ചാലക്കുടിയിലേക്ക്. അങ്ങനെ 7000 കിലോമീറ്ററാണ് 16 ദിവസംകൊണ്ട് താണ്ടിയത്. പ്രതീക്ഷിച്ചതിലും ദുർഘടമായിരുന്നു യാത്രയെന്ന് ഇരുവരും പറയുന്നു. എപ്പോഴാണ് പ്രകൃതി മാറുന്നതെന്ന് പറയാൻ പറ്റാത്ത അവസ്ഥ. മഞ്ഞുരുകി കുത്തിയൊലിച്ചു വരുന്ന വെള്ളം പേടിപ്പെടുത്തി.
തണുപ്പു കാരണം വെള്ളത്തിൽ കാലു കുത്താൻ കഴിയാത്ത അവസ്ഥ. ഏറെ വിഷമിച്ച ഘട്ടമായിരുന്നു ഇതെന്ന് അനഘ പറഞ്ഞു.
യാത്രയിൽ പലപ്പോഴും ശ്വാസതടസം അനുഭവപ്പെട്ടു. കാണാൻ കഴിയാത്ത വലിയ കുഴികളും ബുദ്ധിമുട്ടുണ്ടാക്കി. നിരവധി തവണ കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞു. അന്യരായ പലരുമാണ് സഹായത്തിനെത്തിയത്. ഭാഷയുടെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
സ്ത്രീസുരക്ഷായാത്ര എന്ന സന്ദേശം ഉയർത്തിയായിരുന്നു ഇവരുടെ യാത്ര. ഞങ്ങളെപ്പോലെ രണ്ടു പെൺകുട്ടികൾക്ക് ഇതു സാധിച്ചെങ്കിൽ ആർക്കും അസാധ്യമായി ഒന്നുമില്ലെന്ന സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു.
യാത്രയ്ക്കു മുന്പ് പലരിൽനിന്നും പുച്ഛത്തോടെയുള്ള പ്രതികരണമായിരുന്നു ലഭിച്ചതെന്നു ആൻഫി പറയുന്നു. ഞങ്ങൾക്ക് കേരള സർക്കാരിൽനിന്നും ചാലക്കുടി നഗരസഭയിൽനിന്നും അഞ്ചു ലക്ഷം രൂപ യാത്രയ്ക്കായി ലഭിച്ചു എന്നു വരെ ആളുകൾ നാട്ടിൽ പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ കളിയാക്കി.
അവർക്കൊക്കെയുള്ള മറുപടിയാണ് ഈ വിജയം. ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിനുള്ള കാറും ഇതിലേക്കുള്ള ഇന്ധനവും കുറച്ചു പേർ ചേർന്ന് സ്പോണ്സർ ചെയ്തതൊഴിച്ചാൽ മുഴുവൻ ചെലവും സ്വയം വഹിക്കുകയായിരുന്നുവെന്ന് ആൻഫി പറഞ്ഞു.
മുരിങ്ങൂർ ആറ്റപ്പാടം എലുവത്തിങ്കൽ വീട്ടിൽ ബേബിയുടെയും മിനിയുടെയും മകളായ ആൻഫി കോയന്പത്തൂരിൽ ബിബിഎ ഏവിയേഷൻ മാനേജ്മെന്റ് വിദ്യാർഥിയാണ്. ചാലക്കുടി തൊഴുത്തുപറന്പിൽ വീട്ടിൽ മണിക്കുട്ടന്റെയും സജിതയുടെയും മകളാണ് അനഘ; മാളയിൽ ഗ്രാഫിക് ഡിസൈൻ വിദ്യാർഥി.