കായംകുളം: ദുരിതാശ്വാസ ക്യാമ്പിലേക്കു പോകുന്നതിനിടയിൽ കാലിനു പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ വാഹനങ്ങൾ കിട്ടാതായതിനെ തുടർന്ന് ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് എസ്ഐയുടെ കാരുണ്യ മാതൃക.
തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ എസ്ഐ എ. മണിലാലാണ് വെള്ളം കയറിയ വീട്ടിൽ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്കു പോകുന്നതിനിടയിൽ പരിക്കേറ്റ ആറാട്ടുപുഴ വലിയഴീക്കൽ കുന്നുംപുറത്ത് വീട്ടിൽ പ്രതാപന്റെ മകൻ നിരഞ്ജ(14 )നെ പുല്ലുകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ബൈക്കിൽ എത്തിച്ച് ശുശ്രൂഷ നൽകിയത്.
സന്നദ്ധ സംഘടനയുടെ പ്രവർത്തകനായ വലിയഴീക്കൽ പുത്തൻപറമ്പിൽ ആദർശും എസ്ഐയ്ക്കൊപ്പം ഉണ്ടായിരുന്നു. വീടിനുസമീപത്തെ വെള്ളക്കെട്ടിൽ നിന്നും കുപ്പിച്ചില്ല് കാലിൽ തുളച്ചുകയറിയാണ് വിദ്യാർഥിക്ക് പരിക്കേറ്റത്.
ആശുപത്രിയിൽ പോകാൻ നിരവധി വാഹനങ്ങൾ വിളിച്ചെങ്കിലും ആരും വന്നില്ല. കടൽ ക്ഷോഭം മൂലം റോഡുകൾ വെള്ളത്തിലാകുകയും കല്ലും മറ്റും റോഡിൽ നിറയുകയും ചെയ്യുന്ന സാഹചര്യമാണ്.
ഇതേത്തുടർന്നാണ് ബൈക്കിൽ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ എസ്ഐ രംഗത്തെത്തിയത്.
ആശുപത്രിയിൽ എത്തിച്ച്ശുശ്രൂഷ നൽകിയശേഷം ബൈക്കിൽ തന്നെ വിദ്യാർത്ഥിയെ വലിയഴീക്കലുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചിട്ടാണ് എസ്ഐ മടങ്ങിയത്.