ആലപ്പുഴ: ജീവിച്ചു ഞങ്ങൾക്കു കൊതിതീർന്നില്ല, കട്ടിലുകൾക്കും ചക്രക്കസേരകൾക്കും ചുവരുകൾക്കുമപ്പുറം ഈ ലോകത്തെ മനോഹരങ്ങളായ പലതും കാണണം, അനുഭവിക്കണം. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളിൽ മനസുമടുക്കുന്നവർ അറിയേണ്ടതാണ് ഇവരുടെ വാക്കുകൾ, ശ്രമങ്ങൾ. ജന്മനാ ഉണ്ടായ വൈകല്യങ്ങൾ, അപകടങ്ങൾ, രോഗങ്ങൾ എന്നിവ മൂലം തളർന്നവർ അവരിൽ ചിലർ ഇന്നലെ ആലപ്പുഴയിലെത്തി സാധ്യമാകില്ലെന്നു കരുതിയിരുന്ന ഒരു സ്വപനത്തിന്റെ സാക്ഷാത്കാരത്തിനായി.
ജന്മനാ തളർന്ന് വീൽചെയറിൽ ജീവിക്കുന്ന ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിലെ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനി രാഹുൽ രാധികയേയും(20), തിരുവനന്തപുരം കരിക്കകം സ്കൂളിലും ഫോർട്ട് സ്കൂളിലും അധ്യാപകരായ കാഴ്ചപരിമതർ സാജുവിനേയും(33),ശ്രീകുമാറിനേയും(32) ഒരുമിച്ച് പതിനഞ്ചോളം അടി ഉയരമുള്ള ഫെമിൻ ടു എന്ന ഭീമൻ ഹൗസ്ബോട്ടിന്റെ അപ്പർ ഡെക്കിലേക്കു ഒരു ജെസിബി കൈയിലെ പ്ലാറ്റ്ഫോം എടുത്തു വച്ചപ്പോൾ അവരുടെ സ്വപ്നങ്ങളും ഉയരത്തിലെത്തി.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷൽകെയർ ഹോളിഡേയ്സ് എന്ന സ്ഥാപനമാണ് ഈ യാത്രയ്ക്ക് അവസരമൊരുക്കിയത്. മുപ്പതു വർഷമായി വീൽച്ചെയറിൽ ജീവിക്കുന്ന മൂവാറ്റുപുഴ സ്വദേശി സൈമണ്‍ ജോർജ് ആരംഭിച്ച സ്പെഷൽകെയർ ഹോളിഡേയ്സിന്റെ കന്നിയാത്രയിൽ പങ്കെടുക്കാൻ വലിയ ആവേശത്തോടെയാണ് കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഭിന്നശേഷിക്കാരായവർ ആലപ്പുഴ ഫിനിഷിംഗ് പോയിന്റ് ജെട്ടിയിലെത്തിയത്. നൂറിലേറെ പേർ പങ്കെടുത്ത പകൽമുഴുവൻ നീണ്ടു നിന്ന കായൽപരപ്പിലെ ഈ ഹൗസ്ബോട്ട് യാത്രയിൽ പന്ത്രണ്ടു പേരാണ് വീൽചെയറിലെത്തിയത്. ആറു പേർ കാഴ്ചപരിമിതരായിരുന്നു.
മറ്റു തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന ഇരുപതിലേറെ പേരും അക്കൂട്ടത്തിൽ സിനിമാതാരം ആലപ്പി സുദർശനും ഗായികയായ റീമ ജോയിയും എറണാകുളം മുളന്തുരുത്തി സ്വാശ്രയ ട്രെയിനിംഗ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ എട്ട് അന്തേവാസികളും ഉണ്ടായിരുന്നു.
ഇത്തരമൊരു മാനുഷികവശത്തിനപ്പുറം കേരളാ ടൂറിസത്തിന് ഇതൊരു വൻകുതിപ്പുകൂടിയാണെന്ന് സ്പെഷൽ കെയർ ഹോളിഡേയ്സ് സ്ഥാപകൻ സൈമണ്‍ ജോർജ് പറഞ്ഞു. സ്പെയിനിൽ നിന്നുള്ള ഭിന്നശേഷി യാത്രികരുടെ ഒരു സംഘം ഇന്ത്യയിലെത്താൻ താല്പര്യമറിയിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 30ലേറെ വർഷമായി വീൽ ചെയറിൽ ജീവിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഗവേഷണങ്ങളാണ് ഇത്തരമൊരു സ്ഥാപനം പ്രൊമോട്ടു ചെയ്യാൻ സൈമണ്‍ ജോർജിന് പ്രേരണയായത്. രാവിലെ 11.30 ഓടെ പുന്നമട ഫിനിഷിംഗ് പോയിറ്റിൽ നിന്നും യാത്ര പുറപ്പെട്ടവർ വൈകുന്നേരം 5.30 വരെ കായലിൽ ചെലവഴിച്ചു. യാത്രയ്ക്കു രസം പകരാനായി സംഗീത പരിപാടികളും മിമിക്രിയും ഒരുക്കിയിരുന്നു.