അന്പലപ്പുഴ: കടൽക്ഷോഭം ശക്തമാകുന്നു. തീരത്തുള്ള പല വീടുകളിലേക്കും വെള്ളം ഇരച്ചു കയറി. തോട്ടപ്പള്ളി മുതൽ വാടയ്ക്കൽ വരെയുള്ള തീരത്താണ് കഴിഞ്ഞ രാത്രി മുതൽ കടൽക്ഷോഭം ശക്തമായത്.
നീർക്കുന്നം മീനൂട്ടുകടവിലും പുന്നപ്ര ചള്ളിയിലും പൂമീൻ പൊഴിക്കു വടക്കുഭാഗത്തും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയാണ്. അന്പലപ്പുഴ വടക്കു പഞ്ചായത്തിന്റെ തീരത്തും കടൽക്ഷോഭം ശക്തമാണ്. 20 ഓളം വീടുകൾ തകർച്ചാ ഭീഷണിയിലാണ്. പുന്നപ്ര ഫിഷ്ലാൻഡ് കടലെടുക്കുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ഫിഷ് ലാൻഡിംഗ് സെന്ററിന് ഏതാനും മീറ്റർ അകലെവരെ കടൽ കരയിലേക്ക് ഇരച്ചുകയറി.
നീർക്കുന്നം മീനൂട്ടുകടവിൽ എട്ടോളം വീടുകൾ ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും സ്വന്തംചെലവിൽ ദൂരസ്ഥലത്തേക്കു മാറ്റുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. ശ്രീലങ്കയ്ക്കു സമീപം രൂപപ്പെടുന്ന ന്യൂനമർദം ശക്തി പ്രാപിക്കുന്നതോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നാണ് അധികൃതർ കരുതുന്നത്. മത്സ്യബന്ധനത്തിനുപോയ വള്ളങ്ങളെ തിരികെ വിളിപ്പിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും രണ്ടുദിവസമായി വള്ളങ്ങൾ ഇറക്കുന്നില്ല. മത്സ്യലഭ്യതക്കുറവുമൂലം നിത്യചെലവു പോലും ലഭിക്കാതെ ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്ക് പെട്ടെന്നുണ്ടായ കടൽക്ഷോഭം ഇരുട്ടടിയായി മാറിയിരിക്കുകയാണ്.