ആലപ്പുഴ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകിവീണ് വീടുകൾക്കു കേടുപാടുകൾ ഉണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വൈദ്യുതി തൂണുകൾ ഒടിഞ്ഞും മരങ്ങൾ വീണും പലയിടത്തും വൈദ്യുതിബന്ധം നിലച്ചു. ജില്ലയിൽ ഒരു വീട് പൂർണമായും നാലു വീടുകൾ ഭാഗികമായും തകർ ന്നിട്ടുണ്ട്. മാവേലിക്കരയിലാണ് ഒരുവീട് പൂർണമായും തകർ ന്നത്.
കാട്ടൂർ, ആറാട്ടുപുഴ, നല്ലാണിക്കൽ പ്രദേശങ്ങളിൽ കടാലാക്രമണവും രൂക്ഷമാണ്. ആറാട്ടുപുഴയിൽ 31 കുടുംബങ്ങളെയും കാട്ടൂരിൽ 15 കുടുംബങ്ങളെയും ദുരിദാശ്വാസ ക്യാന്പുകളിലേക്കു മാറ്റി പാർപ്പിച്ചു. രണ്ടിടങ്ങളിലുമായി 199 പേർ ക്യാന്പുകളിലുണ്ട്. ആറാട്ടുപുഴ ജിപിഎൽപി സ്കൂളിലും കാട്ടൂർ ലയോള ഹാളിലുമാണ് ക്യാന്പുകൾ. കാട്ടൂരിൽ രണ്ടു വീടുകൾ ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശറോഡ് കവിഞ്ഞ് കടൽവെള്ളം ഒഴുകിയെത്തി. പെരുന്പള്ളി, കള്ളിക്കാട്ട് പ്രദേശങ്ങളിലും തൃക്കുന്നപ്പുഴ പ്രണവംനഗർ ഭാഗത്തും റോഡിനു സമീപം മണൽ തിട്ടയുടെ ഭാഗം ഒലിച്ചുപോയ നിലയിലാണ്. രണ്ടുദിവസം മുന്പു തീരത്ത് കല്ലിടൽ പൂർത്തിയായ ചേർത്തല ഒറ്റമശേരിയിൽ ഇപ്പോഴും കടൽക്ഷോഭ ഭീഷണിയുണ്ട്. കല്ലുകൾക്ക് മുകളിലൂടെയും കടൽ കയറുന്നുണ്ട്. പുറംകടലിൽ തിരമാലകൾ രൂക്ഷമായതിനെത്തുടർന്ന് നീർക്കുന്നത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങൾ തൊഴിലാളികൾ തീരത്തെത്തിച്ചു. നീർക്കുന്നത്ത് ചാകര കോളുണ്ടെങ്കിലും കടൽക്ഷോഭം രൂക്ഷമായതിനാൽ തൊഴിലാളികൾ കടലിലിറങ്ങുന്നില്ല.
കാട്ടൂരിൽ മൂന്നുവീടുകൾ ഭാഗികമായി തകർന്നു. വെളിയിൽ റോബർട്ടിന്റെ വീടിന്റെ ചുറ്റും കടലെന്നതാണ് അവസ്ഥ. തകർന്ന കടൽഭിത്തിക്കിടയിലൂടെ അന്പതുമീറ്റോറോളം കടൽ കയറിയിട്ടുണ്ട്. കഴിഞ്ഞദിവസം വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിരുന്നുവെങ്കിലും കല്ലിടൽ അടക്കമുള്ള നടപടികൾ ഒന്നുമായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പലരുടെയും സ്ഥലവും നഷ്ടമായി. തെങ്ങടക്കമുള്ള ഫലവൃക്ഷങ്ങളും നിലംപൊത്തി. അഞ്ചെട്ടു കൊല്ലമായി ഇവിടെ ഒരുകല്ലുപോലും ഇട്ടിട്ടില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
കുട്ടനാട്ടിൽ പലയിടങ്ങളിലും കൃഷിനാശവുമുണ്ടായിട്ടുണ്ട്. മഴ തുടരുന്നതിനാൽ എസി റോഡിലെ നവീകരണത്തിന് മുന്നോടിയായുള്ള പരിശോധനകളും മന്ദഗതിയിലായി. മരം വീണുള്ള അപകടങ്ങൾ കൂടിയതോടെ അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ജോലി ഇരട്ടിച്ചു. പന്പാനദിയിലടക്കം ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശത്തുള്ളവരും ഭീതിയിലാണ്.
കാലവർഷം കനത്തതോടെ പുതിയാകാവ് – കല്ലുമല റോഡിന്റെ പുതിയകാവ് ഭാഗത്തെ റോഡരികിലും വെള്ളക്കെട്ടായി. റോഡ് ഉയർത്തിയതോടെ ഇടവഴികളിലും റോഡരികിലെ വീടുകളിലും കടകളിലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. റോഡ് നിർമാണത്തോടൊപ്പം ഓടയും നിർമിക്കാത്തതും ക്രമാതീതമായി റോഡ് ഉയർത്തിയതുമാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മഴ ആരംഭിച്ചതോടെ പുതിയകാവ് ഭാഗത്തുള്ള ഇടവഴികളിലൂടെയുള്ള സഞ്ചാരവും ദുഷ്കരമായി. പുതിയകാവ്, മിച്ചൽ ജംഗ്ഷനുകളിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്പോൾ പുതയകാവ് കല്ലുമല റോഡിൽ കൂടി മിനി ബൈപ്പാസ് റോഡിലെത്തി സഞ്ചരിക്കാനുള്ള സാഹചര്യവും വെള്ളക്കെട്ടുമൂലം അസാധ്യമായിരിക്കുകയാണ്്.