മാവേലിക്കര: ചെട്ടികുളങ്ങരയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദന്പതികൾ മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പാലപ്പള്ളിൽ വിനോദ് നിവാസിൽ എം.രാഘവൻ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.45 ന് ആയിരുന്നു സംഭവം.
വലിയ ശബ്ദം കേട്ടതിനെ തുടർന്ന് സമീപവാസികൾ എത്തിയപ്പോൾ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്ന നിലയിലായിരുന്നു. ഇവർ രക്ഷാ പ്രവർ വർത്തനത്തിന് ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു.
തീ ഉയരുന്നതിനിടെ ഗ്യാസ് സിലണ്ടർ രക്ഷാപ്രവർത്തകർ എടുത്തു മാറ്റി. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇവരുടെ കിടപ്പ് മുറിയിലാണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിരുന്നത്.
അടുക്കളയിലുള്ള സ്റ്റൗവിന്റെ റഗുലേറ്റർ ഊരിയെടുത്തു മുറിയിലുള്ള സിലിണ്ടറിൽ ഘടിപ്പിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിച്ച സിലിണ്ടറിനൊപ്പം റഗുലേറ്ററിന്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കിടപ്പ് മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലണ്ടറുകളിൽ ഒന്ന് പൂർണമായും പൊട്ടിത്തെറിച്ച നിലയിലായിരുന്നു.
കിടപ്പ് രോഗിയായിരുന്ന മണിയമ്മയെ ശുശ്രൂഷിച്ചിരുന്ന ഹോം നഴ്സ് കഴിഞ്ഞ ദിവസം പോയതിന് ശേഷം ഭക്ഷണം പാചകം ചെയ്യാനുള്ള എളുപ്പത്തിനായാണ് ഗ്യാസ് അടുപ്പ് കിടപ്പു മുറിയിൽ ക്രമീകരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
രണ്ടു മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിൽ കിടപ്പ് മുറിയിൽ കിടക്കുന്ന നിലയിലാണ്. വിമുക്തഭടനും ഗ്യാസ് ഏജൻസി മുൻ ജീവനക്കാരനുമായിരുന്നു മരിച്ച രാഘവൻ.
മക്കൾ മാറി താമസിക്കുന്നതിനാൽ ഇവർ ഇരുവരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാവേലിക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനാ സംഘവും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുള്ള തായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
മകൻ: വിനോദ് കുമാർ (എം എസ് എം കോളേജ് ജീവനക്കാരൻ, ചെട്ടികുളങ്ങര പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ), ബീന മനോജ്. മരുമക്കൾ: രജനി, പരേതനായ മനോജ്.