മങ്കൊന്പ്: ജലനിരപ്പു കൂടുതൽ ഉയർന്നതോടെ കുട്ടനാട് ഒറ്റപ്പെട്ടു തുടങ്ങി. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി പെയ്യുന്ന മഴയാണ് ഇപ്പോൾ ജലനിരപ്പു കൂടുതൽ ഉയരാനിടയായത്.
കിഴക്കൻ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നത് കുട്ടനാടൻ ജനതയുടെ ഉറക്കം കെടുത്തുന്നു. കിഴക്കൻ പ്രദേശങ്ങളിലെ ബന്ധുവീടുകളിൽ നിന്നും വരുന്ന ഫോണ് വിളികൾ കുട്ടനാട്ടുകാരുടെ ആശങ്കകൾ വർധിപ്പിക്കുകയാണ്.
മണിമലയാറും, തോടുകളും കരകവിഞ്ഞൊഴുകുന്നു എന്ന വാർത്തകളാണ് കുട്ടനാട്ടിലെ ജനങ്ങൾക്കു ലഭിക്കുന്നത്. ഇതിനിടെ കുട്ടനാട്ടിലെ ഉൾഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ഏറിയപങ്കും നിലച്ചു.
എസി റോഡിൽ മങ്കാന്പ് ഒന്നാംകരയിൽ വെള്ളക്കെട്ട് നല്ലതോതിൽത്തന്നെയുണ്ട്. അതുകൊണ്ടുതന്നെ ചങ്ങനാശേരിയിൽനിന്നും ഇന്നലെ ആലപ്പുഴയിലേക്കു വാഹനങ്ങ ൾ ഓടിയില്ല. ആലപ്പുഴയിൽനിന്നും മങ്കൊന്പ് ബ്ലോക്ക് വരെയാണ് സർവീസ്. പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായാൽ താമസിയാതെ അതും നിലയ്ക്കാനാണ് സാധ്യത.
പന്പയാറ്റിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടുകരുടെ ഹൃദയമിടിപ്പു കൂടിയാണ് വർധിപ്പിക്കുന്നത്. വീടിനുള്ളിലെ ഉപകരണങ്ങളും, അവശ്യ സാധനങ്ങളും സുരക്ഷിതമായി വയ്ക്കൂ, ഉയർന്നസ്ഥലങ്ങളിലേക്കു മാറിക്കൊള്ളു എന്നാണ് ലഭിക്കുന്ന നിർദേശങ്ങൾ.
2018 ലെ മഹാപ്രളയത്തിനു മുന്പും സമാനമായ രീതിയിൽ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും മുന്നറിയിപ്പു ലഭിച്ചിരുന്നു. എന്നാൽ അന്നതു നിസാരമായി കണ്ടിരുന്ന കുട്ടനാട്ടുകാർ ഇന്ന് മുന്നറിയിപ്പുകളെ ഗൗരവമായിട്ടാണ് കാണുന്നത്.
എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പലായനം എത്രമാത്രം സാധ്യമാകുമെന്നതും ആശങ്കയുടെ ആഴം കൂട്ടുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ തന്നെ മിക്ക ഗ്രാമപാതകളും വെള്ളത്തിനടിയിലായി കഴിഞ്ഞിരുന്നു.
വെള്ളം കയറി താമസയോഗ്യമല്ലാതായ വീടുകളും കുറവല്ല. താഴ്ന്ന പ്രദേശങ്ങളിൽ ഒരാഴ്ച മുന്പു തന്നെ ഇതു സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രധാന പാതയായ എസി റോഡിലും മറ്റു ഗ്രാമീണ റോഡുകളിലും വെള്ളം കയറിയതിനെ തുടർന്ന് ഏറെക്കുറെ ഗതാഗതം നിലച്ചു. കുട്ടനാട്ടിലെ എല്ലാ റോഡുകളിലുംതന്നെ വെള്ളം കയറിയ നിലയിലാണ്.
മങ്കൊന്പ് പാലം വഴി മങ്കൊന്പ് കണ്ണാടി വികാസ് മാർഗ് റോഡിൽ കൂടിയുള്ള സർവീസ് കഴിഞ്ഞദിവസം തന്നെ കെഎസ്ആർടിസി നിർത്തിവച്ചിരുന്നു. കിടങ്ങറ-മുട്ടാർ റോഡിലും നേരത്തെ കെഎസ്ആർടിസി സർവീസ് നിലച്ചിരുന്നു.
മുളയ്ക്കാംതുരുത്തി-വാലടി റോഡിൽ പലയിടങ്ങളിലും ഒന്നരയടിയോളം വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ പരിമിതമായി മാത്രമാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്.
മുളയ്ക്കാംതുരുത്തി-നീലംപേരൂർ റോഡിലും വെള്ളക്കെട്ടുണ്ട്. കെഎസ്ആർടിസി സർവീസുകൾ നിലയ്ക്കുന്നതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ മാത്രമാണ് കുട്ടനാട്ടുകാർക്കു രക്ഷപ്പെടാനുള്ള ഏക മാർഗം.
എടത്വ: എടത്വ-തിരുവല്ല സംസ്ഥാനപാതയും വെള്ളത്തിൽ മുങ്ങി. ശക്തമായ മഴയിൽ പത്തനംതിട്ട മൂഴിയാർഡാം തുറന്നുവിട്ടതോടെ പന്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കുട്ടനാട്ടിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളിയാഴ്ചയോടെ വെള്ളത്തിൽ മുങ്ങിയിരുന്നു.
കിഴക്കൻ വെള്ളത്തിന്റെ വരവ് ആശങ്ക ഉയർത്തുന്നുണ്ട്. തലവടി, നിരണം, പാണ്ടിപോച്ച, കാരിച്ചാൽ, മാന്നാർ, മുട്ടാർ, വീയപുരം, എടത്വ, തകഴി പ്രദേശങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.
തലവടി പഞ്ചായത്തിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽനിന്നും ജനങ്ങളെ ക്യാന്പുകളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തിന്റെ നേതൃത്വത്തിൽ വെള്ളം കയറിയ വീടുകളിൽനിന്നു താമസക്കാരെ മാറ്റി.
തലവടിയിൽ കഴിഞ്ഞ ദിവസം ഉറവിടം അറിയാത്ത കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ 65 ഓളം ആളുകൾ നിരീക്ഷണത്തിൽ മാറാൻ നിർദേശം നൽകിയിരുന്നു. രോഗഭീതി ക്യാന്പുകളുടെ പ്രവർത്തനത്തോയും സാരമായി ബാധിച്ചിട്ടുണ്ട്.
നവീകരണം കഴിഞ്ഞ എടത്വ-തിരുവല്ല സംസ്ഥാനപാതയിൽ നെടുന്പ്രം ജംഗ്ഷൻ വെള്ളത്തിൽ മുങ്ങി. എടത്വ-വീയപുരം-ഹരിപ്പാട് റോഡിലും വെള്ളം കയറി.
മങ്കോട്ടചിറ ഭാഗത്താണ് വെള്ളം കൂടുതൽ കയറിയത്. മുട്ടാർ-കിടങ്ങറ റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഗ്രാമവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗ്രാമീണ ഇടറോഡുകൾ നിലയില്ലാത്ത അവസ്ഥയിൽ എത്തി.
2018 ലെ സമാന സാഹചര്യം ഉടലെടുക്കുമോയെന്ന് ഭീതിയിലാണ് ജനങ്ങൾ. കോവിഡ് രോഗവ്യാപനം ക്യാന്പുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ വെള്ളപ്പൊക്കം ആരംഭിക്കുന്പോഴേ ക്യാന്പുകൾ സജ്ജീവമായിരുന്നു. ഇക്കുറി ക്യാന്പകളിലേക്ക് മാറാൻ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ് അധികാരികൾ നിർബന്ധിക്കേണ്ട അവസ്ഥയാണ്.
ഇതിനിടെ തകഴി കൃഷിഭവൻ പരിധിയിൽപ്പെട്ട കേളമംഗലം കോനാട്ടുകരി പാടം മടവീണു. നദിയിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെയാണ് പാടത്ത് വെള്ളം കയറിയത്. മട അടയ്ക്കാൻ കർഷകർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
65 ദിവസം പിന്നിട്ട രണ്ടാംകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. 70 ഏക്കർ വിസ്തൃതിയുള്ള പാടത്ത് പാട്ടകർഷകർ ഉൾപ്പെടെ 22 ഓളം കർഷകർ കൃഷി ചെയ്തിരുന്നു. ലക്ഷങ്ങളുടെ നഷ്ടം കമക്കാക്കുന്നതായി കർഷകർ പറഞ്ഞു.