അന്പലപ്പുഴ: ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽനിന്നും വീട്ടിൽ പോകാൻ മാർഗമില്ലാതിരുന്ന യുവാ വിനു തുണയായി സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും.
തിരുവല്ല വള്ളികുന്നം ആലോലി ബിജു ചാക്കോയ്(40)ക്കാണ് ലോക്ക്ഡൗണ്‍ ദിനത്തിൽ സഹായവുമായി ഇവരെത്തിയത്.
തടിപ്പണിക്കാരനായ ഇദ്ദേഹം നാലുമാസം മുന്‍പ് മരത്തിൽനിന്നു വീണു പരിക്കേറ്റ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു.
തുടർന്ന് നടുവിനു ശസ്ത്രക്രിയയും നടത്തി. കഴിഞ്ഞദിവസം വീണ്ടും ശസ്ത്രക്രിയ നടത്തി. തൊട്ടുപിന്നാലെ വാർഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് അടിയന്തരമായി ഡിസ്ചാർജ് ചെയ്തത്.
എന്നാൽ ലോക്ക് ഡൗണ്‍ ആരംഭിച്ച ഇന്നലെ ഇവർക്ക് വീട്ടിൽപ്പോകാൻ മാർഗമില്ലാതെ ദുരിതമനുഭവിക്കുന്ന വിവരം സന്നദ്ധ പ്രവർത്തകരായ സി.കെ. ഷെരീഫ്, നിസാർ വെള്ളാപ്പള്ളി എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു.
ഇവർ ഉടൻതന്നെ ആശുപത്രിയിലടക്കം ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. ഒടുവിൽ ഫയർഫോഴ്സ് ജില്ലാ ഓഫീസർ അഭിലാഷിനെ ബന്ധപ്പെട്ടു.
ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരം കായംകുളത്തുനിന്ന് ഫയർമാൻമാരായ സി.എസ്. അജിത്കുമാർ, ബിജു.ടി. ഏബ്രഹാം. എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ ആംബുലൻസെത്തി ബിജുവിനെയും കുടുംബത്തേയും തിരുവല്ലയിലെ വീട്ടിലെത്തിച്ചു.
ഗ്രാമ പഞ്ചായത്തംഗം യു.എം. കബീർ, സന്നദ്ധ പ്രവർത്തകരായ നിസാർ വെള്ളാപ്പള്ളി, സി.കെ. ഷെരീഫ്, നിധിൻ, ഷഫീക്ക് ഇബ്രാഹിം, ഹെഡ്നഴ്സ് ബിജി, നഴ്സിംഗ് അസിസ്റ്റന്റ് ആന്റണി എന്നിവർ ചേർന്ന് കുടുംബത്തെ യാത്രയാക്കി. ബിജുവിനും കുടുംബത്തിനും ഭക്ഷ്യധാന്യക്കിറ്റും ഇവരുടെ നേതൃത്വത്തിൽ നൽകി.