മാവേലിക്കര: മാവേലിക്കരയിലെയും ചെങ്ങന്നൂരിലെയും എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ സജിചെറിയാനും എം.എസ്. അരുണ്‍ കുമാറും പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തി.
ആദ്യഘട്ടത്തിലെ സ്ഥാനാർഥി പ്രഖ്യാപനം എൽഡിഎഫിനെ പ്രചാരണത്തിൽ മുന്നിൽ എത്തിച്ചു. സ്ഥാനാർഥി പ്രഖ്യാപനം ആയിട്ടില്ലെങ്കിൽ കൂടി യുഡിഎഫും എൻഡിഎയും സോഷ്യൽ മീഡിയ പ്രചാരണങ്ങളിലൂടെ എൽഡിഎഫിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ട്.
യുഡിഎഫ് സ്ഥാനാർഥിയായിദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജുവിന്റെ പേരും എൻഡിഎ സ്ഥാനാർഥിയായി ഹിന്ദു ഐക്യവേദി നേതാവ് വിനോദ് ഉന്പർനാടിന്റെ പേരുമാണ് മാവേലിക്കരയിൽ ഉയർന്നു കേൾക്കുന്നത്.
ഇവരെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇരുപാർട്ടി പ്രവർത്തകരുടേതുമായ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുമുണ്ടായ ബിജെപിയുടെ വോട്ടുവർധനയാണ് ത്രികോണമത്സര പശ്ചാത്തലത്തിലേക്ക് മണ്ഡലത്തെ എത്തിച്ചത്.
രാജേഷിനെ 2011ൽ പുതുമുഖമായി പരീക്ഷിച്ച് വിജയിച്ച ആത്മവിശ്വാസത്തിലാണ് എം.എസ്. അരുണിനേയും എൽഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. പന്തളം എംഎൽഎ ആയിരുന്ന കെ.കെ. ഷാജുവിനെ അന്ന് ആർ. രാജേഷ് പരാജയപ്പെടുത്തി.
1991 മുതൽ 2011വരെ യുഡിഎഫിന്റെ കോട്ടയായിരുന്നു മണ്ഡലം. 2011ലെ തെരഞ്ഞെടുപ്പിൽ കെ.കെ. ഷാജു ജെഎസ്എസ് പാർട്ടിയെ പ്രതിനിധീകരിച്ച് ബസ് ചിഹ്നത്തിലായിരുന്നു യുഡിഎഫിനു വേണ്ടി മത്സരത്തിനിറങ്ങിയത്.
അന്ന് നവാഗതനായിരുന്ന സിപിഎം സ്ഥാനാർഥി ആർ. രാജേഷിനോട് 6000ത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടതും.
എന്നാൽ ഷാജു കോണ്‍ഗ്രസിലേക്ക് എത്തി കൈപ്പത്തി ചിഹ്നത്തിൽ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങുന്നത് ഇത്തവണ വിജയസാധ്യത വർധിപ്പിക്കുമെന്നതാണ് യുഡിഎഫ് വിശ്വാസം.
മാവേലിക്കരക്കാരനായ വിനോദ് ഉന്പർനാടിനെ കളത്തിലിറക്കി ഇരുമുന്നണികളേയും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ.
ആർഎസ്എസിന്റെ പ്രവർത്തകനായി മാവേലിക്കരയുടെ രാഷ്ട്രീയരംഗത്ത് പ്രവർത്തനം ആരംഭിച്ച വിനോദിന് വ്യക്തിബന്ധങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും.
എന്നാൽ യുഡിഎഫിന്റെയും എൻഡിഎയുടേയും സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതോടെയേ മണ്ഡലത്തിൽ ത്രികോണ പോരാട്ടങ്ങൾ ശക്തമാകൂ.
ചെങ്ങന്നൂരിൽ നേരത്തേ ഉറപ്പാക്കിയിരുന്നതിനാൽ സജി ചെറിയാന് പ്രഖ്യാപനത്തിന് മുന്നേ തന്നെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്താനായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇക്കുറി സ്ത്രീകളും സജീവമായി രംഗത്തുണ്ട്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറവായതിനാൽ പോസ്റ്റർ ചുവരുകളിൽ പതിക്കാനും ബൂത്ത് പ്രവർത്തനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം കൗതുകകരമായി. സോഷ്യൽ മീഡിയ പ്രചാരണത്തിലും മുൻ പന്തിയിൽ എൽഡിഎഫ് തന്നെയാണ്.
സ്ഥാനാർഥി പ്രഖ്യാപനം മറ്റ് രണ്ടു കക്ഷികളിൽ നിന്ന് ഉൗദ്യോഗികമായി നടന്നില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായി മാവേലിക്കര മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എം. മുരളിയായിരിക്കും എത്തുകയെന്നാണ് കേൾക്കുന്നത്.
എൻഡിഎ സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ആർഎസ്എസ് ബൗദ്ധിക പ്രമുഖ് ആർ. ബാലുശങ്കർ എന്നിവരുടെ പേരുകളാണ് അവസാനഘട്ട സാധ്യത പട്ടകയിലുള്ളതെന്നാണ് വിവരം.