അന്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാരുടെ ഭാഗത്ത് വീണ്ടും ഗുരുതരവീഴ്ച.
മരിച്ച രോഗിയുടെ മൃതദേഹം മാറി നല്കിയ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് ജീവിച്ചിരിക്കുന്ന രോഗി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം നൽകി.
ആംബുലൻസുമായി ബന്ധുക്കൾ എത്തിയപ്പോൾ രോഗി മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കായംകുളം ഭരണിക്കാവ് കോയിക്കൽ മീനത്തേതില്‍ രമണൻ(47) മരണമടഞ്ഞുവെന്നാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ബന്ധുക്കളെ വിവരമറിയിച്ചത്.
കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29 നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി.
ഇതിനിടെ വെള്ളിയാഴ്ച വൈകുന്നേരം ഇദ്ദേഹം മരിച്ചുവെന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലൻസുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്.
രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നുവെന്ന് ബന്ധുവായ സുജിത് പറഞ്ഞു.
കഴിഞ്ഞദിവസം കൃഷ്ണപുരം സ്വദേശി രമണൻ മരണമടഞ്ഞിരുന്നു. മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണന്റെ ബന്ധുക്കളെയാണ് വിവരമറിയിച്ചത്.
കൃഷ്ണപുരം സ്വദേശി രമണന്റെ മൃതദേഹം കഴിഞ്ഞദിവസം മാറി നല്കിയതും ഏറെ പ്രശ്നം സൃഷ്ടിച്ചിരുന്നു.
കോവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്.
നടപടികൾ പൂർത്തിയാക്കി രണ്ടുപേരുടേയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്‍കിയപ്പോഴാണ് മൃതദേഹം മാറിപ്പോയത്.
കായംകുളം സ്വദേശിയുടെ മൃതദേഹം ചേർത്തല സ്വദേശിയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി ചേർത്തലയിലേക്ക് പോകുകയും ചെയ്തു.
ഇതേസമയം മെഡിക്കൽ കോളജിൽ കാത്തിരുന്ന കായംകുളം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം വിട്ടുകിട്ടാൻ വൈകിയതിനെ തുടർന്ന് അധികൃതരെ സമീപിച്ചപ്പോഴാണ് മൃതദേഹം മാറിപ്പോയതായി അറിയുന്നത്.
ഇതോടെ ചേർത്തലയിലേക്കു പോയ ആംബുലൻസ് തിരികെ വിളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.