അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 14-ാം വാർഡിൽനിന്ന് മരുന്ന് മോഷ്ടിച്ചയാൾ പിടിയിൽ.
പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ അറവുകാട് സജി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന അനന്തകൃഷ്ണ (24)നെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെ വൈകിട്ട് ആശുപത്രിയിലെത്തിയ യുവാവ് 14-ാം വാർഡിൽ പ്രവേശിച്ച് നഴ്സുമാരുടെ മുറിയിൽ കയറി 15 (വേദന സംഹാരി) കുത്തിവയ്പ്പിനുള്ള ബോട്ടിലുകൾ മോഷ്ടിക്കുകയായിരുന്നു.
ഈ സമയം നഴ്സുമാർ ആരും നഴ്സിംഗ് സ്റ്റേഷനിൽ ഇല്ലായിരുന്നു. അവർ വാർഡിൽ രോഗിയുടെ സമീപത്ത് ആയിരുന്നു.
പ്രതി മരുന്നുമായി വാർഡിനു പുറത്തേക്കിറങ്ങിയപ്പോൾ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരൻ ഇയാളെ തടഞ്ഞെങ്കിലും, സുരക്ഷാ ജീവനക്കാരനെ മർദിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.
തുടർന്ന് വിവരം അറിഞ്ഞെത്തിയ എയ്ഡ് പോസ്റ്റ് എസ്ഐ മധുക്കുറുപ്പ്, സിപിഒമാരായ രാജ് കുമാർ, ജോബി, സെക്യൂരിറ്റി ഓഫീസർ അജിത് കുമാർ എന്നിവർ ചേർന്ന് ആശുപത്രിക്കുള്ളിൽ നടത്തിയ തെരച്ചിലിൽ ഒരു മണിക്കൂറിന് ശേഷം ഇയാളെ പിടികൂടി.
അമ്പലപ്പുഴ എസ്ഐ ടോൾസൺ ജോസഫ് എയ്ഡ് പോസ്റ്റിലെത്തി പ്രതിയെ അമ്പലപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ഒരു മാസത്തിന് മുൻപും ഇതേ വാർഡിൽ നിന്നും വേദനസംഹാരി ഗുളികകൾ മോഷണം പോയിരുന്നു.
പുന്നപ്ര പോലീസ് സ്റ്റേഷനിലും, ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലും പ്രതിക്കെതിരേ നിരവധി ലഹരി മരുന്ന് കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.