ചാരുംമൂട്: വള്ളികുന്നത്ത് വൻ സ്വർണ കവർച്ച. ആളില്ലാതിരുന്ന വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണാഭരണങ്ങൾ കവർന്നു.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ വളളികുന്നം ചൂനാട് കിണറുമുക്ക് ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടുപൂട്ടി താക്കോൽ അയൽ വീട്ടിൽ ഏല്പിച്ചു സദാനന്ദൻ കുടുംബസമേതം മൂത്ത സഹോദരന്റെ സംസ്കാര ചടങ്ങിനു പോയ രാത്രിയിലായിരുന്നു മോഷണം.
ഇന്നലെ രാവിലെ ആറോടെ ബന്ധുവായ ഹരികുമാർ ഓട്ടത്തിനായി കാറെടുക്കുന്നതിന് സദാനന്ദന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ മുൻവശത്തെ വാതിൽ ആയുധമുപയോഗിച്ച് കുത്തി തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഭാരമുള്ള തടിക്കസേര വാതിലിനോട് ചേർത്തുവച്ചിരുന്നു. വീടിന്റെ പിൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര, വള്ളികുന്നം എസ്ഐ ഷൈജു ഇ. ഏബ്രാഹം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കി.
ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നായ മണംപിടിച്ച് ഒരു കിലോമീറ്റർ ദൂരമുള്ള കോമളത്തുകുഴി ജംഗ്ഷൻ പോയി തിരിച്ചെത്തി.