ആലപ്പുഴ: നഗരത്തിൽ മോഷണവും പിടിച്ചുപറിയും. നഗരമധ്യത്തിൽ മാധ്യമപ്രവർത്തകരുടെ വീട്ടിലും സമീപത്തെ കന്പനിയിലും മോഷണം നടന്നപ്പോൾ തെക്കനാര്യാട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയെ മർദിച്ച് മാല കവരുകയായിരുന്നു.
ഇരുന്പുപാലത്തിനു സമീപം മാധ്യമപ്രവർത്തകരുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. ഇവിടെ നിന്നും ലാപ്ടോപ്പും മൊബൈൽഫോണും നഷ്ടപ്പെട്ടു. തുടർന്ന് മോഷ്ടാവ് സമീപത്തെ വീരയ്യ കന്പനിയിൽ നിന്നും തുണികളും കവർന്നു. ഇന്നലെ രാവിലെയായിരുന്നു മുഖത്തടിച്ച് മാലകവർന്ന സംഭവം. തെക്കനാര്യാട് ലൂഥറൻ സ്കൂളിനു സമീപം വഴിയാത്രക്കാരിയുടെ തലയ്ക്കടിച്ച് അഞ്ചുപവന്റെ മാലയാണ് കവർന്നത്.
ഇരുന്പുപാലം മിനർവകോളജിനടുത്തു താമസിക്കുന്ന പത്രപ്രവർത്തകൻ സിമി മൻസിലിൽ എം.എം. അബ്ദുൽസലാം, സാലിം ഗഫൂർ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞദിവസം അർധരാത്രിയോടെ മോഷണം നടന്നത്. മോഷ്ടാവിന്േറതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നു ലഭിച്ചിട്ടുണ്ട്.
രാത്രി പന്ത്രണ്ടുമണിക്കു ശേഷം മതിൽ ചാടിക്കടന്ന് സാലിമിന്റെ വീട്ടിലെത്തിയ മോഷ്ടാവ് ജനാല തുറന്ന് കൊതുകുവല മൂർച്ചയുള്ള ആയുധമുപയോഗിച്ചു കീറി മേശപ്പുറത്തിരുന്ന മൊബൈൽ കവർന്നു. വീടിന്റെ വശത്തുളള മറ്റൊരു ജനലും ഇതേ രീതിയിൽതന്നെ തുറന്നു സാധനങ്ങൾ കൈക്കലാക്കാൻ ശ്രമം നടത്തി.
പിന്നീട് അയൽവാസിയായ അബ്ദുൽസലാമിന്റെ വീട്ടിലെത്തി അകത്തുകടന്ന് ലാപ്ടോപ് അടങ്ങിയ ബാഗ് കവരുകയായിരുന്നു. പിന്നീട് മിനർവകോളജിനു സമീപം പ്രവർത്തിക്കുന്ന വീരയ്യകന്പനിയിൽ നിന്നും തുണിത്തരങ്ങളും കവർന്ന ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്. രാവിലെ ആറുമണിയോടെ അബ്ദുൽസലാമിന്റെ വീട്ടുകാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സാലിമിന്റെ വീട്ടിലും വീരയ്യ കന്പനിയിലും മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
വീടുകൾക്കു സമീപം ജവഹർ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച സിസി ടിവി കാമറയിൽ രാത്രി പന്ത്രണ്ടുമണിയോടെ മോഷ്ടാവെന്ന് സംശയിക്കുന്നയാൾ റോഡിലേക്കു പ്രവേശിക്കുന്നതും ഒന്നേ മുക്കാലോടെ തിരികെ മടങ്ങുന്നതിന്േറയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാന്റ്സും ഷർട്ടുമിട്ട്് മെലിഞ്ഞ ശരീരത്തോട് കൂടിയ ഉയരമുള്ളയാൾ മോഷണം നടന്ന വീടുകളുടെ സമീപത്തേക്ക് പ്രവേശിച്ച് മോഷണമുതലുമായി തിരികെ മടങ്ങുന്പോൾ ചുരിദാർ ധരിച്ച് മുഖം ഷാൾകൊണ്ട് മറച്ച നിലയിലായിരുന്നു. വീട്ടുകാർ സൗത്ത് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നു പോലിസ് വീടുകളിലെത്തി പരിശോധന നടത്തി.
വഴിയരികിൽ നടന്നു പോകുകയായിരുന്ന വീട്ടമ്മയെ മർദിച്ച ശേഷം അഞ്ച് പവന്റെ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാവാണ് അപഹരിച്ചത്. ആര്യാട് പഞ്ചായത്ത് പൊക്കത്തേൽ വീട്ടിൽ കണ്സ്ട്രക്ഷൻ കോർപറേഷൻ എൻജിനിയർ പി.വി. ജഗദപ്പന്റെ ഭാര്യ ഷീബ(54)യുടെ മാലയാണ് നഷ്ടപ്പെട്ടത്. ആര്യാട് പാൽ സൊസൈറ്റിക്കു സമീപം ഒരുമ ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 1.20 നായിരുന്നു സംഭവം.
എതിർ ദിശയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ഷീബയെ മുഖത്തടിച്ച ശേഷം മാല പൊട്ടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൾ മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ നോർത്ത് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.