അമ്പലപ്പുഴ : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരായ രോഗികളെ വട്ടം കറക്കുന്പൊഴും, ജീവനക്കാരുടെ ബന്ധുക്കള്‍ക്കും രാഷ്്ട്രീയ നേതാക്കള്‍ക്കുമാണ് യഥേഷ്ടം ഇവിടെ പരിഗണന.
ഒ പി ചീട്ട് എടുക്കുന്നിടം മുതല്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതുവരെ ഇവര്‍ക്കാണ് മുന്‍തൂക്കം.
എതിര്‍ക്കുന്നവര്‍ക്ക് ചികിത്സ വൈകുമെന്നതിനാല്‍ ആരും പ്രതികരിക്കാറില്ല. സുരക്ഷാജീവനക്കാരും പോലീസും ജീവനക്കാരെയാണ് ന്യായീകരിക്കാറുള്ളത്.
ഫോൺ കോളിൽ ചീട്ട് റെഡി!
ഒപി ചീട്ടെടുക്കുന്നിടത്തെ ജീവനക്കാരെ ഫോണില്‍ വിളിച്ചറിയിക്കുമ്പോള്‍ ചീട്ട് കൈയിലെത്തിക്കും. നീണ്ടനിര ഇവര്‍ക്ക് ബാധകമല്ല.
ഒ പിയില്‍ എത്തിയാലും ഇവര്‍ക്ക് മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട. തുടര്‍ന്നുള്ള പരിശോധനയും ചികിത്സയുമെല്ലാം വിരല്‍ത്തുമ്പില്‍ കിട്ടും.
പണമടയ്ക്കാതെ സ്്കാനിംഗ് ഉൾപ്പെടെയുള്ള ചികിൽസാ സഹായവും ലഭിക്കും. മെഡിക്കൽ ഉപകരണ വിൽപ്പനക്കാരുടെ ഏജന്റുമാരാണ് കച്ചവട പ്രമാണികൾ. ഇവരും ജീവനക്കാരും ചേർന്നാണ് കൂട്ടുകച്ചവടം നടത്തുന്നത്.
ദേശിയ പാതയ്ക്കരികിലുള്ള ഏക മെഡിക്കൽ കോളേജാശുപത്രിയാണ് വണ്ടാനത്ത് പ്രവർത്തിക്കുന്നത്. അപകടത്തിൽ പെടുന്നതടക്കം നിരവധി രോഗികളാണ് ദിനംപ്രതി എത്തുന്നത്.
അതുകൊണ്ട് തന്നെ മെഡിക്കൽ ഉപകരണ വിൽപ്പന സ്ഥാപനങ്ങളുടെ ഇടനിലക്കാർക്ക് ആശുപത്രി ചാകരയാണ്. എല്ലാ വാർഡുകളിലും പൂർണ സ്വാതന്ത്ര്യത്തോടെയാണ് ഇവർ വിഹരിക്കുന്നത്.
ചീട്ട് കുറിക്കുന്നതിന് ഡോക്ടർ കമ്മീഷനും ക്യത്യമായി കൈകളിലെത്തിക്കും. ശസ്ത്രക്രിയയ്ക്ക് ആവശ്യമില്ലാത്തവയും രോഗിയുടെ ചെലവില്‍ വാങ്ങിക്കും.
ശസ്ത്രക്രിയക്ക് ശേഷം ഇത് തിരിച്ചുകൊടുത്ത് പണം കീശയിലാക്കും എന്നൊക്കെയാണ് ആരോപണങ്ങൾ.
രോഗി അറിയുന്നുണ്ടൊ ശരീരത്തില്‍ എന്തൊക്കെ പിടിപ്പിച്ചെന്ന്! രാഷ്്ട്രീയ നേതാക്കള്‍ക്കും സ്വാധീനമുള്ളവര്‍ക്കും ജീവനക്കാരുടെ ബന്ധുക്കള്‍ക്കും ഇവയെല്ലാം മുറപോലെ തിയറ്ററുകളില്‍ എത്തും.