ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതിനെത്തുടർന്ന് സസ്പെൻഡ് ചെയ്ത ജീവനക്കാർക്ക് ശന്പളം കൊടുത്ത സംഭവത്തിൽ സെക്രട്ടറിക്ക് സ്ഥലം മാറ്റം. ആലപ്പുഴ നഗരസഭ നഗരസഭ സെക്രട്ടറി യു.എസ്. സതീശനെയാണ് പെരുന്പാവൂർ നഗരസഭയിലേക്ക് സ്ഥലം മാറ്റിയത്.
ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയൽ കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ നഗരസഭ ചെയർമാൻ തോമസ് ജോസഫ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നഗരസഭയ്ക്ക് മുന്നിൽ 60 ഓളം ജീവനക്കാർ എട്ടുദിവസത്തോളം സമരം നടത്തി. സസ്പെൻഡ് ചെയ്ത ജീവനക്കാരെ അന്വേഷണവിധേയമായി പിന്നീട് തിരിച്ചെടുത്തു. സമരം ചെയ്ത ജീവനക്കാർക്ക് ശന്പളം നൽകരുതെന്ന് നഗരസഭ ചെയർമാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ ഈ നിർദേശത്തെ മറികടന്ന് 60 ജീവനക്കാർക്ക് സെക്രട്ടറി സതീശൻ 32 ലക്ഷം രൂപ ശന്പളം നൽകി. ഇതേത്തുടർന്ന് നഗരസഭ ചെയർമാനും സെക്രട്ടറിയും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടായിരുന്നു. കൗണ്‍സിൽ യോഗത്തിൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
മന്ത്രി കെ.ടി. ജലീലിനോട് സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന് നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സെക്രട്ടറിയെ പെരുന്പാവൂരിലേക്ക് സ്ഥലം മാറ്റിയത്.സമരംചെയ്ത ജീവനക്കാർക്ക് ശന്പളം നൽകിയ ഇനത്തിൽ 32 ലക്ഷം രൂപ സെക്രട്ടറിയിൽ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സ്ഥലംമാറ്റം.