മാവേലിക്കര: ആറ്റുതീരത്ത് എത്തിയ ദന്പതികളെയും സഹോദരനെയും സദാചാര ഗുണ്ടകൾ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കണ്ടിയൂർ കുന്നുംപുറത്തു വടക്കതിൽ കണ്ണൻ (37), കണ്ടത്തിൽ അനന്തു (22), ചെന്പംപറന്പിൽ വസിഷ്ട് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തിൽ ആർഎംകെ മന്ദിരത്തിൽ മിഥുൻ (26) എന്നിവരെയാണു സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കായംകുളം മുതുകുളം തെക്ക് ശിവഭവൻ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവർക്കാണു ആക്രമണത്തിൽ പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം അച്ചൻ കോവിലാറിന്റെ തീരത്തു കണ്ടിയൂർ കടവിലാണു സംഭവം.
വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യ സഹോദരനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി ഇന്നലെ മാവേലിക്കരയിലെത്തി. ടിക്കറ്റ് ലഭിക്കാൻ വൈകുമെന്നറിഞ്ഞ മൂവരും കടവിലെത്തി. കടവിൽ ഉണ്ടായിരുന്ന കണ്ടിയൂർ കുന്നുംപുറത്ത് വടക്കതിൽ കണ്ണൻ മൂവരും കമിതാക്കളാണെന്നു സംശയിച്ചു ചോദ്യം ചെയ്തു. വിവാഹ ഫോട്ടോ കാണിച്ചിട്ടും ആക്ഷേപിച്ചു.
ശിവപ്രസാദുമായി വാക്കുതർക്കം ഉണ്ടായപ്പോൾ കണ്ണൻ അറിയിച്ചതനുസരിച്ചു സമീപത്തു കളിച്ചു കൊണ്ടു നിന്ന നാലു പേരും ശിവപ്രസാദിനെയും ഭാര്യ സഹോദരനെയും മർദിച്ചു. തടയാൻ ചെന്ന സംഗീതയോടു മോശമായി പെരുമാറുകയും ചെയ്തതായാണു പൊലീസ് കേസ്. എസ്ഐ എസ്. പ്രദീപ്, എഎസ്ഐ ശിവപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജി. ജയരാജ്, സി.ബി.മനോജ്, സിവിൽ പൊലീസ് ഓഫീസർ ദിലീപ് എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.