ചെങ്ങന്നൂർ: നഗരമധ്യത്തിൽ 142 വർഷമായി പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലേക്ക് ജില്ലാ ആശുപത്രിയുടെ ഒപി വിഭാഗം മാറ്റി സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന അവശ്യം ശക്തമാകുന്നു.
പ്രദേശത്തെ പാവപ്പെട്ട വിദ്യാർഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ ജനപ്രതിനിധി അടക്കമുള്ളവരുടെ നീക്കം പുനഃപരിശോധിക്കാത്തപക്ഷം അടുത്തയാഴ്ചമുതൽ വിദ്യാർഥികളോടൊപ്പം രക്ഷിതാക്കൾ സ്കൂളിനു മുന്നിൽ റിലേ പട്ടിണിസമരം നടത്താനൊരുങ്ങുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധ സമരം സംഘടിപ്പിക്കുകയെന്ന് എസ് എംസിയുടെയും പിടിഎയുടെയും ഭാരവാഹികൾ അറിയിച്ചു.
രാഷ്്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ നൂറുകണക്കിനു പ്രതിഭകളെയും പ്രഗത്ഭരെയും സംഭാവന ചെയ്ത സ്കൂൾ ചെങ്ങന്നൂരിന്റെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇരുനില കോണ്ക്രീറ്റ് കെട്ടിടത്തിൽ ഹൈടെക് സൗകര്യങ്ങളോടെയാണ് പതിനൊന്നിലേറെ ക്ലാസ് മുറികൾ പ്രവർത്തിച്ച് വരുന്നത്. കാലങ്ങളായി ഇവിടെ പഠനം നടത്തിവരുന്ന വിദ്യാർഥികളിൽ നല്ലൊരു ഭാഗവും മാനസിക, ശാരീരിക വൈകല്യമുള്ളവരാണ്.
സഹായികളെ വച്ച് പൊതുപരീക്ഷ എഴുതുന്ന ഇവരെല്ലാം നല്ല നിലയിൽ ജയിച്ചു വരുന്ന അനുഭവമാണുള്ളത്. മാനസിക വളർച്ചയെത്താത്ത കുട്ടികളെ പഠിപ്പിക്കണമെന്നാണ് സർക്കാരിന്റെ പുതിയ നയമെങ്കിലും ഹൈടെക് സ്കൂളുകളൊന്നും ഇവർക്ക് പ്രവേശനം നൽകാറില്ല.
നൽകിയാൽ തന്നെ കുട്ടികളോടൊപ്പം മുഴുവൻ സമയവും രക്ഷിതാക്കളുണ്ടാകണമെന്ന് ഇവർ നിർദേശം നൽകും.
എന്നാൽ, പൊതുവിദ്യാലയങ്ങൾ മാത്രമാണിവർക്ക് ആശ്രയം. അത്തരത്തിലൊരു സ്കൂളാണിപ്പോൾ ഇല്ലാതാകുന്നതെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കുവയ്ക്കുന്നു.
ആശുപത്രി വരുന്നതോടെ ബദൽ സംവിധാനത്തിനായി ചൂണ്ടിക്കാട്ടുന്ന പെണ്പള്ളിക്കൂടത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന ഓടുമേഞ്ഞ കെട്ടിടമാകട്ടെ കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലുള്ളതും പഠനസൗകര്യം ഒരുക്കുന്നതിനു പോരായ്മകൾ ഉള്ളതുമാണെന്നും രക്ഷിതാക്കളും കുട്ടികളും ചൂണ്ടിക്കാട്ടുന്നു.
സജി ചെറിയാൻ എഎൽഎ, വിദ്യാഭ്യാസവകുപ്പ്, ആശുപത്രി അധികൃതർ എന്നിവരോട് നിലവിലെ സ്കൂൾ മാറ്റത്തോടുള്ള വിയോജിപ്പ് എസ്എംസി, പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ഇതിനകം അറിയിച്ചിട്ടുണ്ട്.
എന്നിട്ടും സ്കൂളിന്റെ പ്രവർത്തനത്തിനെ ബാധിക്കുന്ന തീരുമാനത്തിൽനിന്ന് ബന്ധപ്പെട്ടവർ പിൻതിരിയാത്ത സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് എസ്എംസി , പിടിഎ ഭാരവാഹികളും വിദ്യാർഥികളും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചു.
കുട്ടികളുടെ സുരക്ഷിതത്വത്തിനും പഠനത്തിനും ഭീഷണിയാകുന്ന തീരുമാനം ഉത്തരവാദിത്വപ്പെട്ടവർ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പൂർവവിദ്യാർഥികളടക്കമുള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ നിയമാനുസൃതം നടപ്പിലാക്കാൻ സാധ്യമാകുന്ന സമരരീതികൾക്ക് രൂപം നൽകുമെന്നും പിടിഎ ഭാരവാഹികൾ അറിയിച്ചു.