അമ്പലപ്പുഴ: വീശിയടിച്ച കൂറ്റൻ തിരമാലയിൽനിന്നു രണ്ടു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി വയോധികൻ.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയ കരയിലെത്തിച്ചത്.
നീർക്കുന്നം പഴുപാറലിൽ ലക്ഷ്മണ(64)നാണ് അലറിയെത്തിയ തിരമാലയിൽപ്പെട്ടു കടലിൽ മുങ്ങിത്താണ കുട്ടിയെ ജീവന്റെ തുരുത്തിലേക്ക് എത്തിച്ചത്.
നീർക്കുന്നം കടൽത്തീരത്ത് ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ബന്ധുകൂടിയായ സമീപവാസിയുടെ വീട്ടിലെ സഞ്ചയന കർമത്തിൽ പങ്കെടുക്കാൻ മുത്തച്ഛൻ പുരുഷനൊപ്പമാണ് പുതുവൽ അനീഷ്-വിനിത ദമ്പതികളുടെ രണ്ടു വയസുകാരനായ മകൻ എത്തിയത്.
സഞ്ചയന കർമത്തിന്റെ ഭാഗമായി അസ്ഥി കടലിലൊഴുക്കിയ ശേഷം ബന്ധുക്കൾ കടലിൽ മുങ്ങി കരയിലേക്കെത്തി.
ഈ സമയം ചടങ്ങിന്റെ ഭാഗമായി കടൽ വെള്ളം പാത്രത്തിൽ നിറയ്ക്കുന്നതിനിടെ ഒക്കത്തിരുന്ന കുഞ്ഞിനെ കൂറ്റൻ തിരമാല തട്ടിയെടുത്തു കടലിലേക്കു കൊണ്ടുപോയി.
ചടങ്ങിൽ പങ്കെടുത്തവർക്കു സ്തബ്ധരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. എല്ലാവരും വിറങ്ങലിച്ചു നിൽക്കവേ തിരമാലകളിലേക്കു കുതിച്ച ലക്ഷ്മണൻ 25 മീറ്ററിലധികം പടിഞ്ഞാറോട്ട് ഒഴുക്കിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തി ശ്രമകരമായി കരയിലെത്തിച്ചു.
ശരീരമാസകലം ഉരഞ്ഞ് മുറിവേറ്റെങ്കിലും കുഞ്ഞിന് ഒരു പരിക്കുമേൽക്കാതെ ലക്ഷ്മണൻ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കു ശേഷം ലക്ഷ്മണൻ വീട്ടിലേക്കു മടങ്ങി.