ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയ്ക്കുനേരേയുള്ള ഇസ്രയേൽ സൈനിക നടപടി തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 170 പലസ്തീകളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവരെല്ലാം തീവ്രവാദികളാണെന്നാണ് ഇസ്രയേൽ ഭാഷ്യം.
480 പേരെ തടവിലാക്കുകയും ചെയ്തെന്ന് ഇസ്രയേൽ പറയുന്നു. ആശുപത്രിക്ക് 100 മീറ്റർ മാറി അഞ്ചുനിലക്കെട്ടിടത്തിൽ താമസിച്ചിരുന്ന കരീം അയ്മൻ ഹത്തത് പറയുന്നത് ആശുപത്രിക്കുനേരേ വലിയ ആക്രമണമാണ് നടക്കുന്നതെന്നാണ്. “മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ദിവസങ്ങളോളം അടുക്കളയിലാണ് കഴിഞ്ഞത്.
വെടിവയ്പിലും സ്ഫോടനങ്ങളിലും പലപ്പോഴും കെട്ടിടമാകെ കുലുങ്ങും. ശനിയാഴ്ച പുലർച്ചെ പാർപ്പിട സമുച്ചയത്തിലേക്ക് ഇരച്ചുകയറിയ ഇസ്രയേൽ സൈന്യം താമസക്കാരെ ഒഴിപ്പിച്ചു. പുരുഷന്മാരുടെ അടിവസ്ത്രംപോലും സൈന്യം അഴിപ്പിച്ചു. നാല് പേരെ പിടിച്ചുകൊണ്ടുപോയി”-കരിം പറഞ്ഞു.
“മറ്റുള്ളവരെ കണ്ണുകെട്ടിച്ച് ടാങ്കിനുപിന്നാലെ നടത്തിച്ചു. ഈ ടാങ്ക് ഇടയ്ക്ക് ഇടയ്ക്ക് വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇത് തങ്ങളെ ഭയപ്പെടുത്താനായിരുന്നു”-മധ്യഗാസയിലെ മറ്റൊരാശുപത്രിയിൽ അഭയം തേടിയ കരിം വാർത്താ ഏജൻസിയായ എപിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അൽഷിഫ ആശുപത്രിക്കുനേരേയുള്ള ആക്രമണം തന്ത്രപരമെന്നാണ് ഇസ്രയേൽ തെക്കൻ കമാൻഡിന്റെ തലവൻ മേജർ ജനറൽ യാറോൺ ഫിങ്കൽമാൻ വിശേഷിപ്പിച്ചത്. നൂറുകണക്കിനു തീവ്രവാദികളെ പിടികൂടിയെന്നും വിലപ്പെട്ട രഹസ്യവിവരങ്ങൾ കണ്ടെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. അവസാനത്തെ തീവ്രവാദിയെ വകവരുത്തിയ ശേഷമേ നടപടി അവസാനിപ്പിക്കൂവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ നവംബറിലുണ്ടായ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് അൽഷിഫ ആശുപത്രിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചിരുന്നു.
നവംബർ മുതൽ നഗരവും വടക്കൻ ഗാസയുടെ മറ്റ് ഭാഗങ്ങളും ഇസ്രയേൽ സൈന്യം ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ആഴ്ചകളായി ഈ ഭാഗത്തേക്കു സഹായങ്ങളൊന്നും എത്തിയിട്ടില്ല. വടക്കൻ ഗാസയിൽ ക്ഷാമം ആസന്നമാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇസ്രയേൽ സൈന്യം ഷിഫ ആശുപത്രിയിലേക്ക് ഇരച്ചുകയറി ആംബുലൻസുകളും മറ്റ് വാഹനങ്ങളും കവചിത ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി ജമീൽ അയൂബി പറയുന്നു.
അൽഷിഫയിൽ കുടുങ്ങിയ അഞ്ച് പലസ്തീനികൾ ഭക്ഷണമോ വെള്ളമോ മരുന്നോയില്ലാതെ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽഷിഫ ആശുപത്രിക്കുനേരേയുള്ള ആക്രമണം “തികച്ചും മനുഷ്യത്വരഹിതം” എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം വിശേഷിപ്പിച്ചു. യുദ്ധത്തിൽ ഇതുവരെ 32,226 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യമന്ത്രാലയം പറയുന്നു. മരിച്ചവരിൽ മൂന്നിൽ രണ്ടും കുട്ടികളും സ്ത്രീകളുമാണ്.