ഗാസ സിറ്റി: വൈദ്യുതി വിതരണം നിലച്ച അല്‍ ഷിഫ ആശുപത്രിയില്‍ നിന്നും 31 നവജാത ശിശുക്കളെ ലോകാരോഗ്യ സംഘടനയും പലസ്തീന് റെഡ് ക്രെസന്റും ചേര്‍ന്ന് രക്ഷപെടുത്തിയതായി റിപ്പോര്‍ട്ട്.
റഫായില്‍ എത്തിച്ച ശേഷം ഈജിപ്തിലെ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റാനാണ് നീക്കം. ഹമാസ് താവളമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അല്‍ ഷിഫ ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ടായിരുന്നു.
48 മണിക്കൂറിനിടെ ആശുപത്രിയ്ക്ക് മേലുള്ള നിയന്ത്രണം ഇസ്രയേല്‍ കടുപ്പിച്ചു. ചികിത്സ ദുഷ്ക്കരമാകുന്നുവെന്ന് റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകമാണ് 31 നവജാത ശിശുക്കളടക്കം 291 രോഗികളേയും 25 ജീവനക്കാരേയും പുറത്തെത്തിച്ചത്.
ഇവിടെ ഏകദേശം 240 പേരെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ടെന്നും ഇവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു.
ഇതിനിടെ രണ്ട് സ്കൂളുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണമുണ്ടായെന്നും ഇതില്‍ 200 പേര്‍ക്കെങ്കിലും ജീവഹാനിയോ പരിക്കോ സംഭവിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടി ഹമാസ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ ഇതുവരെ 5000 കുഞ്ഞുങ്ങളടക്കം 12,300 പേര് കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട അറിയിപ്പിലുണ്ട്.
ഇന്ധന ദൗര്‍ലഭ്യം മൂലം രണ്ടു ദിവസമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വടക്കന്‍ ഗാസയില്‍ വെള്ളിയാഴ്ച ഇന്ധനമെത്തിത്തുടങ്ങിയിരുന്നു. ഇതോടെ വാര്‍ത്താവിനിമയ ബന്ധം ഭാഗികമായി പുനഃസ്ഥാപിക്കുകയും ചെയ്തു. ഈജിപ്തിലെ റാഫ അതിർത്തി വഴിയാണ് ഇന്ധനവുമായി രണ്ട് ട്രക്കുകളെത്തിയത്.
വെള്ളിയാഴ്ച ചേര്‍ന്ന ഇസ്രയേലിന്റെ യുദ്ധകാര്യകാബിനറ്റ് ഗാസയിലേക്ക് പ്രതിദിനം 1,40,000 ലിറ്റര്‍ ഇന്ധനമെത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. യുഎസിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം.
ഓരോ 48 മണിക്കൂറുകൂടുമ്പോഴുമാണ് റാഫ വഴി ഇന്ധനട്രക്കുകളെത്തുക. മൊബൈല്‍ ശൃംഖല പുനഃസ്ഥാപിക്കുന്നതിനുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനായി 17,000 ലിറ്റര്‍ ഡീസല്‍ പലസ്തീന് വാര്‍ത്താവിനിമയ കമ്പനിയായ പാല്ട്ടെലിനു നല്‍കും.