നെടുങ്കണ്ടം: സഹപാഠിയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോശമായ സന്ദേശങ്ങൾ അയയ്ക്കുകയും രാത്രിയിൽ വിദ്യാർഥിനിയുടെ വീട്ടിലെത്തി സംഘർഷം ഉണ്ടാക്കുകയും ചെയ്ത യുവാവ് പിടിയിലായി.
ഉടുന്പൻചോല കാരിത്തോട് അറപ്പുരക്കുഴിയിൽ ജിഷ്ണു (22) വിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കരുണാപുരം മേഖലയിലുള്ള കോളജിലെ വിദ്യാർഥികളാണ് ജിഷ്ണുവും പെണ്‍കുട്ടിയും. ക്ലാസിൽ കയറുന്നതിനുമുന്പ് പെണ്‍കുട്ടി കോളജിൽ സൂക്ഷിക്കാൻ നൽകിയ മൊബൈൽ ഫോണ്‍ യുവാവ് മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് ഈ ഫോണിൽനിന്നും യുവാവ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോശം ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു.
ഫോണ്‍ നഷ്ടപ്പെട്ടതായും തന്റെ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായും മനസിലാക്കിയ പെണ്‍കുട്ടി വൈകുന്നേരത്തോടെ പരാതിയുമായി ബന്ധുക്കളോടൊപ്പം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി.
പെണ്‍കുട്ടിയുടെ നന്പരിലേക്ക് നെടുങ്കണ്ടം സിഐ ബി.എസ്. ബിനു വിളിക്കുകയും ഫോണ്‍ ഉടൻ സ്റ്റേഷനിൽ എത്തിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ സിഐയോട് കയർത്ത് സംസാരിച്ച യുവാവ് ഫോണ്‍ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തിച്ച് നൽകിയേക്കാമെന്ന് പറഞ്ഞു.
തുടർന്ന് രാത്രിയോടെ മദ്യലഹരിയിൽ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ബഹളം വയ്ക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
സ്വയരക്ഷക്കായി പെണ്‍കുട്ടിയുടെ അമ്മ കറിക്കത്തിയെടുത്ത് യുവാവിനുനേരെ ചൂണ്ടി വീട്ടിൽനിന്നും പോകുവാൻ ആവശ്യപ്പെട്ടു.
കത്തി തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈക്ക് മാരകമായി മുറിവേറ്റു. തുടർന്ന് നാട്ടുകാർ വിവരം നെടുങ്കണ്ടം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തുന്നതിനുമുന്പേ യുവാവ് സ്ഥലത്തുനിന്നും മുങ്ങി. പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ മേഖലയിൽ നടത്തിയ തെരച്ചിലിൽ ഒരു ഇടവഴിയിൽ രക്തം വാർന്ന് ബോധരഹിതനായ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12.30 ഓടെ യുവാവ് ആശുപത്രിയിൽ നിന്നും ചാടിപ്പോയി.
ധാരാളം രക്തം നഷ്ടമായതിനാൽ യുവാവിന് കൂടുതൽ ചികിത്സ വേണമെന്നും യുവാവിനെ കണ്ടെത്തണമെന്നും ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു.
തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ നെടുങ്കണ്ടം ബിഎഡ് കോളജിന് സമീപത്തെ ഒരു കെട്ടിടത്തിനടുത്തുനിന്നും യുവാവിനെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ ഇന്നലെ രാവിലെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിട്ടു.
ഇതിനിടെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വച്ചതിനും സംഘർഷമുണ്ടാക്കിയതിനും പെണ്‍കുട്ടിയുടെ അമ്മ നെടുങ്കണ്ടം പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ ശല്യപ്പെടുത്തുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു.
പ്രതി ലഹരിക്ക് അടിമയാണോ എന്നും പോലീസിന് സംശയമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.