ഗോഹട്ടി: കോവിഡും ലോക്ഡൗണും മൂലം ആസാമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ആസാമിലെ നാഗോണിൽ ബസിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകൾ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്.
നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാൻ മടി കാണിച്ചു. ഇതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.
ആഴ്ചകൾക്ക് മുമ്പ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.