തലശേരി: ലഹരി മാഫിയയുടെ പിന്തുണയോടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വാഹന ഒാൾട്ടറേഷൻ മാഫിയ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പും പോലീസും നടത്തിയ അന്വേഷണത്തിലാണ് മോട്ടോർ വാഹന ഒാൾട്ടറേഷൻ മാഫിയയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുള്ളത്.
ആഡംബര വാഹന ഭ്രമക്കാരായ നിരവധി യുവതി – യുവാക്കളാണ് ഈ മാഫിയയുടെ വലയിൽ പെട്ടിട്ടുള്ളത്. അർധ രാത്രിയിൽ ഓഫ് റോഡുകളിലും ആളൊഴിഞ്ഞ പാതകളിലും ഈ സംഘം പന്തയം വെച്ചു കൊണ്ടുള്ള വാഹന റെയ്സിംഗ് നടത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലക്ഷങ്ങൾ മുടക്കി ഒാൾട്ടർ ചെയ്ത വാഹനങ്ങളാണ് ഈ റെയ്സിംഗിൽ പങ്കെടുക്കുന്നത്. ഇത്തരത്തിൽറേസിംഗിനെത്തുന്ന ആഡംബര വാഹന ഭ്രമക്കാരായ യുവതി – യുവാക്കളെ തന്ത്രത്തിൽ ലഹരിയുടെ പിടിയിലേക്ക് എത്തിക്കുകയാണ് സംഘം ചെയ്തു വരുന്നത്.
ഇത്തരത്തിൽ ലഹരിക്കടിമപ്പെടുന്ന യുവാക്കളെ പിന്നീട് സെക്സ് റാക്കറ്റുമായും ബന്ധപ്പെടുത്തിയിട്ടുള്ളതായും അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഈ മാഫിയ പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ വിലയേക്കാൾ കൂടുതൽ ഒാൾട്ടറേഷനു വേണ്ടി ചെലവാക്കിയ യുവാക്കളുമുണ്ട്. ചില മിഡിൽ ക്ലാസ് കുടുംബങ്ങളിലെ യുവാക്കൾ ഈ മാഫിയയുടെ വലയിൽപെട്ടു തങ്ങളുടെ വാഹനങ്ങൾ ഒാൾട്ടർ ചെയ്തു കടക്കെണിയിലായിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, നിയമങ്ങൾ പാലിച്ചു കൊണ്ട് വാഹനങ്ങൾ ആൾട്ടർ ചെയ്തു നൽകുന്ന നല്ല സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
ലോക്ഡൗൺ കാലത്ത് റോഡുകൾ വിജനമായപ്പോൾ അർധരാത്രിയിലെ ഒാൾട്ടറേഷൻ വാഹനങ്ങളുടെ റെയ്സിംഗ് സജീവമായതെന്നും പിന്നീട് ഇത് ഒരു മാഫിയയായി വളരുകയായിരുന്നുവെന്നും നിയമ പരിധിയിൽനിന്നുകൊണ്ടു വാഹനങ്ങൾ ആൾട്ടറേഷൻ നടത്തുന്ന കമ്പനിയുടെ ഉടമ രാഷ്ട്രദീപികയോടു പറഞ്ഞു.
ആൾട്ടറേഷൻ മാഫിയ സജീവമായതോടെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആഡംബംര വാഹന പ്രേമികളായ യുവാക്കളുടെ വരവ് കുറഞ്ഞു. വാഹന ആൾട്ടറേഷൻ മുൻ കാലങ്ങളിൽ യുവാക്കൾക്ക് ഒരു ഹരം മാത്രമായിരുന്നു.
എന്നാൽ, ഇന്നു ലഹരിയും വാതുവയ്പും കൂടി കടന്നു വന്നതോടെ അപകട മേഖലയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഒാൾട്ടറേഷൻ വാഹനങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പിനെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് നവ മാധ്യമങ്ങളിലൂടെ നടന്നുവരുന്നത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടു ട്രാൻസ്പോർട്ട് കമ്മീഷണർ ഡിജിപി ക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയിന്മേൽ നടന്ന അന്വഷണത്തിലാണ് മോട്ടോർ വാഹന ഓൾട്രേഷൻ മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്.