നിയാസ് മുസ്തഫ
മുണ്ടക്കയം: 1000, 500രൂപാ നോട്ടുകൾ കേന്ദ്രസർക്കാർ പിൻവലിച്ചിട്ട് ഇന്ന് ഒരു വർഷം.നോട്ട് നിരോധനം ഭരണനേട്ടമായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടുന്നു. അതൊരു തികഞ്ഞ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷവും പറയുന്നു.
നോട്ട് നിരോധനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ മുറുകുന്പോഴും മുണ്ടക്കയം വണ്ടൻപതാൽ അന്പഴത്തിനാൽ വീട്ടിൽ എ.എസ് മുഹമ്മദിന്റെ മകൻ അൽത്താഫ് മുഹമ്മദ് എന്ന എൻജിനിയറിംഗ് ബിരുദധാരി സന്തോഷവാനാണ്.
1000, 500 നോട്ടുകൾ നിരോധിച്ച 2016 നവംബർ 8 മുതൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മലയാള പത്രങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും വെട്ടിയെടുത്ത് വെള്ളപേപ്പറിൽ ഒട്ടിച്ച് സൂക്ഷിച്ചിരിക്കുകയാണ് അൽത്താഫ്. നോട്ട് നിരോധനവും അനന്തരഫലത്തെയും കുറിച്ച് ഭാവിയിൽ ആർക്കെങ്കിലും എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ തന്റെ ഈ ശേഖരം പ്രയോജനകരമാകുമെന്ന് അൽത്താഫ് പറയുന്നു.
ദിനംപ്രതി നിരവധി പത്രങ്ങൾ വരുത്തി വായിക്കുന്ന അൽത്താഫിന് ദീപികയെക്കുറിച്ച് നല്ല അഭിപ്രായമാണ്. നോട്ട് നിരോധവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച രീതിയിൽ വാർത്തകളും ലേഖനങ്ങളും തയാറാക്കിയത് ദീപിക പത്രമാണെന്ന്് അൽത്താഫ് പറയുന്നു. ഇതോടൊപ്പം, വിവിധ പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാർട്ടൂണുകളുടെ ശേഖരവും അൽത്താഫ് തയാറാക്കുന്നുണ്ട്.
പിതാവ് എ എസ് മുഹമ്മദിന്റെ പിന്തുണ ഇക്കാര്യത്തിൽ അൽത്താഫിന് യഥേഷ്ഠം ലഭിക്കുന്നുണ്ട്.കേരളത്തിൽ ഇപ്പോൾ പ്രചാരത്തിലുള്ളതും നിലച്ചുപോയതുമായി നിരവധി പത്രങ്ങളുടെയും മാഗസിനുകളുടെയും പ്രദർശനം നടത്തി ശ്രദ്ധ നേടിയയാളാണ് എ.എസ് മുഹമ്മദ്.