മേലൂർ: ആലുവ പുളിഞ്ചോട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മേലൂർ സ്വദേശിനിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം. ശാന്തിപുരം ഡിവൈൻ കോളനി പുന്നക്കുഴിയിൽ ജോളി – ജിജി ദമ്പതികളുടെ മകൾ ലിയ (21) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ 1.15 ന് ആയിരുന്നു അപകടം നടന്നത്. ലിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരാളുമായി സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ ലിയ തൽക്ഷണം മരിച്ചു.
ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി പറമ്പി ജിബിനു ഗുരുതര പരിക്കേറ്റു. ഇയാൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു.
അമിത വേഗതയാണ് കാരണമെന്ന് പോലീസ് പറഞ്ഞു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ലിയയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരിച്ച ലിയയുടെ മകൾ മിയ. ഇവരുടെ വാഹനത്തിലിടിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനും ചികിത്സയിലാണ്.