കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെടുത്തെന്ന് പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെയാണ് ആരോപണം. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം.
മുനീര്‍ എന്നയാള്‍ 1,20000 രൂപ തട്ടിയെടുത്തെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70000 രൂപ തിരികെ നല്‍കിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലുള്ള പണം എടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് മുനീര്‍ ബന്ധപ്പെട്ടത്. എന്നാൽ പല തവണ പണം എടിഎം നിന്ന് ഇയാൾ എടുത്തു. പക്ഷേ എടുത്ത പണം തിരികെ കൊടുത്തില്ല.
ആ സമയത്ത് ഇതിനെ കുറിച്ച് പുറത്ത് പറയാന്‍ കഴിയുന്ന മാനസിക അവസ്ഥയില്‍ ആയിരുന്നില്ല. എന്നാൽ തങ്ങളെ അയാൾ പറ്റിക്കുകയാണെന്ന് മനസിലാക്കിയതോടെ പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
സര്‍ക്കാര്‍ നല്കിയ സാമ്പത്തിക സഹായത്തില്നിന്നുള്ള പണമല്ല നഷ്ടമായത്. അത് കുട്ടികളുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.
വാടകവീട് എടുത്ത് നല്കിയ അന്‍വര്‍ സാദത്ത് എംഎല്‍എയേയും ഇയാള്‍ കബളിപ്പിച്ചു. വീടിന്റെ അഡ്വാന്‍സ് നല്കാന് വീട്ടുകാരുടെ കൈയില്‍നിന്ന് 20000 രൂപ വാങ്ങിയശേഷം എംഎല്‍എയില്‍നിന്ന് ഈ പണം പിന്നീട് വാങ്ങിയെന്നാണ് ആരോപണം.
അതേസമയം സംഭവത്തിൽ മുനീർ പ്രതികരിച്ചു. താന്‍ പണം തട്ടി എടുത്തിട്ടില്ലെന്നും അവരെ എടിഎമ്മില്‍നിന്ന് പണം എടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും മുനീർ പറഞ്ഞു.സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു.