ആലുവ: അറ്റകുറ്റപ്പണി പാതിവഴിയിൽ അവസാനിപ്പിച്ചതോടെ ആലുവ ബൈപാസ് പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിൽ വീണ്ടും കുഴികൾ നിറഞ്ഞു. പൊതുപ്രവർത്തകർ കോൺക്രീറ്റ് ചെയ്യുകയും ദേശീയ പാത അധികൃതർ കുറച്ചിടങ്ങളിൽ മാത്രം അറ്റകുറ്റപ്പണി ചെയ്ത റോഡ് ശേഷം ഒരു മാസത്തിനുള്ളിലാണ് തകർച്ചയിലായത്.
മാർക്കറ്റിനും ബൈപാസ് കവലക്കും ഇടയിലുള്ള തൈനോത്ത് ലൈനിനോട് ചേർന്ന ബസ് സ്റ്റോപ്പിന് മുന്നിലാണ് റോഡ് പ്രധാനമായും തകർന്ന് കിടക്കുന്നത്. അധികൃതർ തിരിഞ്ഞുനോക്കാതായതോടെ പൊതുപ്രവർത്തകർ കോൺക്രീറ്റ് ഉപയോഗിച്ച് കുഴികൾ അടച്ചു. എന്നാൽ, ഭാരവാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ ചില സ്ഥലത്ത് കുഴിയുകയും സമീപത്ത് കുന്നുപോലെ ഉയർന്ന് നിൽക്കുകയും ചെയ്തു.
റോഡ് തകർച്ചക്കെതിരെയുള്ള പ്രതിഷേധങ്ങളും പരാതികളും ശക്തമായതോടെ ദേശീയപാത അധികൃതർ ഇതടക്കമുള്ള കുഴികൾ അടക്കാൻ തീരുമാനിച്ചു. എന്നാൽ, കോൺക്രീറ്റ് ചെയ്തതിനെ തുടർന്ന് കുന്നുപോലെയായ ഭാഗങ്ങളിൽ അതുപോലെ തന്നെ ടാർ ചെയ്യുകയായിരുന്നു. ഇതിനെതിരെ പരാതി ഉയർന്നപ്പോൾ ടാറിങ് പാതിവഴിയിൽ നിർത്തി കുന്നുപോലെകിടന്ന ഭാഗങ്ങൾ കൊത്തിപ്പൊളിച്ച് നിരപ്പാക്കാൻ തുടങ്ങി.
എന്നാൽ, ഇതും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെയാണ് ഈ ഭാഗത്ത് കുഴികൾ കൂടിയത്. നിലവിൽ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചില കുഴികൾ ആഴമേറിയതാണ്. ഇതറിയാതെ വരുന്ന ചെറിയ വാഹനങ്ങൾ കുഴിയിൽ കുടുങ്ങി അപകടത്തിൽപെടുന്നുണ്ട്. കരാറുകാരുടെയും ഉദ്യോഗസ്ഥടെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിച്ചു.