ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ പിതാവിൽ നിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തെരഞ്ഞ് പോലീസ്.
കേസിലെ പ്രതിയായ ചൂർണിക്കര തായിക്കാട്ടുകര മുതിരപ്പാടം കോട്ടക്കൽ വീട്ടിൽ മുനീറിനെയാണ് (50) പോലീസ് തെരയുന്നത്.
പക്ഷേ ആരോപണ വിധേയനും മുൻ മഹിളാ കോൺഗ്രസ് ഭാരവാഹിയുമായ ഇയാളുടെ ഭാര്യയും ഒളിവിലെന്ന് സൂചന. ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീടു വിട്ടതായാണ് വിവരം.
വീട് വാടകയ്ക്ക് എടുക്കാനായി അഡ്വാൻസ് എന്ന നിലയിൽ മുനീർ 20,000 രൂപ ഓഗസ്റ്റ് 20ന് വാങ്ങിയെന്നും ഈ തുക വീട്ടുടമയ്ക്ക് നൽകുകയോ ബാലികയുടെ പിതാവിന് മടക്കി നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുതിയ വാടകവീട്ടിലെത്തി, കൊല്ലപ്പെട്ട ബാലികയുടെ പിതാവിൽ നിന്ന് പോലീസ് മൊഴിയെടുത്തു. പുതിയ വാടകവീടിനുള്ള അഡ്വാൻസായി 20,000 രൂപ അൻവർ സാദത്ത് എംഎൽഎയും മുനീറിനെ ഏൽപ്പിച്ചിരുന്നു.
എന്നാൽ പ്രതിയായ മുനീറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ പിതാവിൽ നിന്ന് ചോദിച്ച് അറിയാനുണ്ടെന്നും അതിനുശേഷം പ്രതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകുമെന്നും ആലുവ പോലീസ് പറഞ്ഞു.
എടിഎം കാർഡ് ഉപയോഗിച്ച് പലപ്പോഴായി തട്ടിയെടുത്ത 1.20 ലക്ഷം രൂപ രണ്ട് തവണയായി തിരികെ നൽകിയതിനാൽ വാടക അഡ്വാൻസ് കാര്യത്തിൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സെക്ഷൻ 406,420 വകുപ്പുകൾ പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത കുറ്റമാണ് എഫ്ഐആറിൽ മുനീറിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.