തിരുവനന്തപുരം: ആലുവ എടത്തലയിലെ അക്രമത്തിനു പിന്നിൽ തീവ്രവാദ ബന്ധമുള്ളവരുണ്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും കൈയേറ്റം ചെയ്യപ്പെടേണ്ട വിഭാഗമല്ല പോലീസ് എന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞു.
എടത്തല സ്വദേശി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എടത്തലയിലെ അക്രമത്തിനു പിന്നിൽ തീവ്രവാദസ്വഭാവമുള്ള ചിലരാണെന്നും അവരെ പ്രതിപക്ഷത്തെ ചിലർ പിന്തുണയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു.
എടത്തലയിൽ പോലീസ് സംഘർഷത്തിന്റെ ഭാഗമാകുകയായിരുന്നില്ല വേണ്ടത്. സാധാരണക്കാരുടെ നിലയിലേക്ക് പോലീസ് താഴാൻ പാടില്ലെന്നതുകൊണ്ടാണ് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളും പ്രതിഷേധ മാർച്ചിൽ ഉണ്ടായിരുന്നുവെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഇന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ സ്പീക്കർ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു.