ആലുവ: കോവിഡ് രോഗം മഹാമാരിയായി പടരുമ്പോൾ പൊതുജനങ്ങളുടെ നിസഹകരണം പലയിടങ്ങളിലും ആഭ്യന്തര പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. ആവശ്യത്തിന് പോലീസിനേയും വളണ്ടിയേഴ്സിനേയും നിയോഗിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവരുടെ കണ്ണ് വെട്ടിച്ച് ജനങ്ങൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇതിനെ തുടർന്ന് ആലുവയിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ കമാൻഡോസിനെ പ്രശ്നബാധിത മേഖലകളിൽ വിന്യസിക്കാൻ ഒരുങ്ങുകയാണ്.
റൂറൽ ജില്ലാ പോലീസ് പരിധിയിൽ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ദിനംപ്രതി പോലീസ് കേസെടുക്കുന്നുണ്ട്. ലോക്ക് ഡൗൺ ലംഘനങ്ങൾക്കെതിരേ പിഴയോടി കൂടി കേസ് ചാർജ് ചെയ്യുകയും വാഹനങ്ങൾ കണ്ട് കെട്ടുകയും ചെയ്യുന്നത് പതിവാണ്.
വാഹന ഗതാഗതം പരിമിത പെടുത്തന്നതിന്റെ ഭാഗമായി പോലീസ് ഇടറോഡുകളടക്കം ബാരിക്കേഡുകൾ തീർത്ത് നിയന്ത്രിച്ചിരുന്നു. തിരക്കേറിയ പ്രധാന റോഡുകളുടെ പ്രവേശന കവാടത്തിൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
രോഗബാധിതർ പുറത്തേക്ക് പോകാനോ പുറത്ത് നിന്നും അകത്തേക്ക് പ്രവേശിക്കാതിരിക്കാനുമുള്ള മുൻകരുതലായിട്ടാണ് ഈ നടപടികൾ.
ചില റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്ന് പോകാനായി ചെറിയ ഭാഗം തുറന്ന് കൊടുത്തിരുന്നു.
എന്നാൽ പിന്നീട് ഇതിലൂടെ ഓരോരുത്തരുടേയും സൗകര്യത്തിന് വലിയ വാഹനങ്ങൾ വരെ കടത്തി കൊണ്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി റോഡുകൾ നിയന്ത്രിക്കുന്നതിന്റെ ഗുണം പൊതുജനത്തിന് ലഭിക്കുന്നില്ല.
അത്യാവശ്യ സാധനങ്ങളുടെ ലഭ്യത മുൻനിർത്തി നിശ്ചിത സമയം പലചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേക അനുമതി നൽകിയിരുന്നു. രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പ്രവർത്തന സമയം.
മൊത്ത വ്യാപന കേന്ദ്രമായി ആലുവ
ആലുവ: ആശങ്കയുടെ മുൾമുനയിൽ തന്നെയാണ് ഇപ്പോഴും ആലുവ. മേഖലയിൽ കോവിഡ് സ്ഥരീകരിച്ചവരുടെ എണ്ണത്തിൽ ഇന്നലെയും വൻ വർധനവാണുള്ളത്. സമ്പർക്കത്തിലൂടെ ആലുവ മേഖലയിൽ രോഗബാധിതരായ 23 പേരുടെ വിവരങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ടിട്ടുള്ളത്.
ആലുവ മാർക്കറ്റ്, കുട്ടമശേരി എന്നിവടങ്ങളിലുള്ള സമ്പർക്കത്തിലാണ് രോഗം കൂടുതൽ പകർന്നിട്ടുള്ളത്. മാർക്കറ്റ് ക്ലസ്റ്ററിൽ മാത്രം കോവിഡ് പോസിറ്റീവായ 13 പേരുണ്ട്. രോഗവ്യാപനത്തെ തുടർന്ന് ദിവസങ്ങളായി മാരക്കറ്റ് അടച്ച് പൂട്ടിയിരിക്കുകയാണ്.
കീഴ്മാട് പഞ്ചായത്തിൽ 4,5 വാർഡുകളിലാണ് ആദ്യ ഘട്ടത്തിൽ രോഗം സ്ഥരീകരിച്ചിരുന്നത്. പിന്നീട് 6,7 വാർഡുകളിലും സമ്പർക്കത്തിലൂടെ രോഗം പകർന്നവരെ കണ്ടെത്തുകയായിരുന്നു. ആറാം വാർഡിലെ ഒരു വനിത, ഏഴാം വാർഡിലെ ഡ്രൈവറായ യുവാവ്, നാലാം വാർഡിൽ കുട്ടമശേരിയിലെ ലോട്ടറി കച്ചവടക്കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പഞ്ചായത്തിൽ രോഗവ്യാപനത്തെ തുടർന്ന് 142 പേർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ ഫലം പൂർണ്ണമായും ലഭിച്ചിട്ടില്ല. അതേ സമയം പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർക്കും കോവിഡ് സ്ഥരീകരിച്ചത് കൂടുതൽ ആശങ്കക്ക് ഇടനൽകിയിട്ടുണ്ട്.
കരുമാല്ലൂർ പഞ്ചായത്തിൽ വെളിയത്ത്നാട് കോവിഡിന്റെ പിടിയിലായിട്ടുണ്ട്. ഒരു കുടുംബത്തിലെ 8 പേർക്കുൾപ്പെടെ 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി റിപ്പോർട്ടുണ്ട്. എട്ടാം വാർഡിൽ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് രോഗികളെ കണ്ടെത്തിയത്. പഞ്ചായത്തിലെ 7,10,11 വാർഡുകളിലായാണ് മറ്റ് 3 കോവിഡ് കേസുകൾ പോസിറ്റീവായത്.
പതിനൊന്നാം വാർഡിലെ കോവിഡ് ബാധിതൻ ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. രോഗം സ്ഥിരീകരിച്ച വാർഡുകളെല്ലാം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലങ്ങാട് പഞ്ചായത്തിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മാളികംപീടിക പ്രദേശത്ത് നാലും പാനായിക്കുളത്ത് രണ്ട് കേസുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പാനായിക്കുളത്ത് കിടപ്പ് രോഗിയായ യുവതിക്ക് കോവിഡ് പിടിപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച് വിരികയാണ്. ഇവർ കഴിഞ്ഞ ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രി സന്ദർശിച്ചതായി സൂചനയുണ്ട്.