ആലുവ: അഞ്ചുവയസുകാരിയുടെ കൊലപാതക കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ഇന്നലെ നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനായതായി ഇന്നു ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (സിറ്റ്) യോഗം വിലയിരുത്തി.
ഡൽഹിയിലും ബീഹാറിലുമെത്തിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി പ്രതി അസ്ഫാഖിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം.
2018 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ തുടങ്ങും മുമ്പ് അസ്ഫാഖ് ഡൽഹി വിടുകയായിരുന്നു. ഈ കേസിൽ അസ്ഫാഖ് പിടികിട്ടാപ്പുള്ളിയാണ്.
ബീഹാർ സ്വദേശിയാണെന്നാണ് പ്രതിയുടെ ആധാർ കാർഡിലുള്ളത്. എന്നാൽ മേൽവിലാസത്തിൽ മറ്റൊരാളുടെ കെയർ ഓഫ് ആണ്. അതിനാൽ അസ്ഫാഖിന്റെ യഥാർഥ ബന്ധുക്കളെ കണ്ടെത്താനും ശ്രമമുണ്ട്.
ഡൽഹി കേസിനും ആലുവ സംഭവത്തിനുമിടയിൽ അസ്ഫാക്ക് എവിടെയായിരുന്നെന്നോ എന്ത് ചെയ്യുകയായിരുന്നെന്നോ കണ്ടെത്താനായിട്ടില്ല.
മൂന്ന് മാസത്തോളം ഉളിയന്നൂർ കുഞ്ഞുണ്ണിക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി മാത്രമേ പോലീസിന് വിവരം ലഭിച്ചിട്ടുള്ളൂ. ജൂലൈ 28 വെള്ളിയാഴ്ച മുഹറം അവധി ദിനത്തിലാണ് കുട്ടിയെ അസഫാഖ് തട്ടിക്കൊണ്ട് പോയത്.
പ്രതിയെ അന്നു രാത്രി പിടികൂടിയെങ്കിലും കുട്ടിയെ ക്രൂരമായി കൊന്നകാര്യം അടുത്ത ദിവസം രാവിലെയാണ് വ്യക്തമായത്.
കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ ആലുവ റൂറൽ പോലീസ് ആസ്ഥാനത്ത് കൗണ്ട് അപ് ബോർഡും സംഘം സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ തന്നെയാണ് എത്രാം ദിവസമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.