ആലുവ: പെരിയാർ പുഴയുടെ കൈവഴിയിൽ ആലുവ യുസി കോളജ് ഭാഗത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്.
സംഭവം കണ്ടെത്തി ആഴ്ചകൾ പിന്നിട്ടിട്ടും ആവലാതിക്കാരോ അന്വേഷകരോ പോലീസിനെ തേടിയെത്താത്ത സാഹചര്യത്തിൽ കേരളത്തിനു പുറത്തുനിന്നെത്തിയ യുവതിയാകാം കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പോലീസ്. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കാണാതായ യുവതികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തേടിയിരുന്നെങ്കിലും ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതിനേത്തുടർന്നാണ് ഇതര സംസ്ഥാനങ്ങളിൽ കാണാതായ യുവതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം പുതപ്പിൽ പൊതിഞ്ഞ് കയറ് കൊണ്ട് കോണ്ക്രീറ്റ് കല്ലുകളിൽ കെട്ടിതാഴ്ത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പുതപ്പും കയറും കളമശേരി ഭാഗത്തെ കടകളിൽനിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചതിനേത്തുടർന്ന് ഈ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊലയാളികളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ചിരുന്ന കാറിനെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽസിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നന്പർ വ്യക്തമല്ലാത്തത് അന്വേഷണത്തെ കുഴയ്ക്കുകയാണ്.
മൃതദേഹം കണ്ടെടുത്തപ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രം സഹിതം പ്രദർശിപ്പിച്ച് അന്വേഷണം നടത്തിയെങ്കിലും കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കഴിഞ്ഞ 11-ന് വൈകീട്ടാണ് യുസി കോളജിനടുത്ത് വിദ്യാഭവൻ കടവിലാണ് യുവതിയുടെ മൃതദേഹം കുളിക്കാനെത്തിയ വൈദിക വിദ്യാർഥികൾ കണ്ടെത്തിയത്.